ഇന്ത്യയുടെ അഭിമാനമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഒരു മലയാള സിനിമ
ഒപ്പറേഷന് ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ‘സൗദി വെള്ളക്ക’. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് നേടിയിരുന്നത്. ഇപ്പോഴിതാ, ചിത്രം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ചലച്ചിത്രോത്സവത്തില്‍ ഒഫീഷ്യല്‍ സെലക്ഷനായാണ് ‘സൗദി വെള്ളക്ക’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നുള്ള ഏക സിനിമയും സൗദി വെള്ളക്കയാണ്.
തിയേറ്ററുകളിലും ഒടിടിയിലും മികച്ച പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ ചിത്രം ഇതിനോടകം ഐഎഫ്എഫ്ഐ ഇന്ത്യന്‍ പനോരമ, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡല്‍ അവാര്‍ഡ് കോംപറ്റീഷന്‍), പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഉര്‍വ്വശി തിയേറ്റേഴ്സിന്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ സന്ദീപ് സേനന് നിര്‍മ്മിച്ച സിനിമയാണ് സൗദി വെള്ളക്ക. ഇന്ത്യന്‍ സിനിമകളെ രാജ്യാന്തര തലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ 2023 മെയ് 11 മുതല്‍ 14 വരെയാണ് നടക്കുന്നത്. ദേവി വര്‍മ്മ, ലുക്മാന് അവറാന്, ബിനു പപ്പു , ഗോകുലന് തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്ത സൗദി വെള്ളക്കയുടെ ഛായാഗ്രഹണം ശരണ്‍ വേലായുധനും, എഡിറ്റിംഗ് നിഷാദ് യൂസുഫും, സംഗീതം പാലി ഫ്രാന്‍സിസുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകളെയും അതിന് പിന്നാലെ നടന്ന് തീരുന്ന ജീവിതങ്ങളെയും തനിമ ചോരാതെ അവതരിപ്പിച്ചാണ് സൗദി വെള്ളക്ക കൈയ്യടി നേടിയത്.