ബോക്സോഫീസിൽ 500 കോടി കടന്ന് ‘സലാറി’ന്റെ വിജയ കുതിപ്പ്
പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാറി’ന് ബോക്സോഫീസിൽ വൻ വരവേൽപ്പ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായി ആഗോള തലത്തിൽ ഇതിനോടകം ചിത്രം നേടിയത് 500 കോടിയാണെന്നാണ് റിപ്പോർട്ട്. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ഇത് റെക്കോർഡ് ആണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നും ചിത്രം 7 കോടിയോളം രൂപ കളക്ട് ചെയ്തതായാണ് റിപ്പോർട്ട്.
ലോകം മുഴുവൻ ഏറ്റെടുത്ത കെജിഎഫ് സീരിസിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമെന്ന നിലയിൽ സലാറിന് വൻ ജനപിന്തുണയാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. പ്രഭാസിന്റേയും പൃഥ്വിയുടേയും പ്രകടനങ്ങള്‍ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗമായ സലാർ: പാർട് വൺ സീസ് ഫയർ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിട്ടുള്ളത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്തന്.
ശ്രുതി ഹാസൻ നായികയായെത്തിയിരിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, ഈശ്വരി റാവു തുടങ്ങി നിരവധി താരങ്ങളാണുള്ളത്. രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡയാണ് നിർവ്വഹിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ആറ് ദിനം കൊണ്ടാണ് 500 കോടി ക്ലബിൽ ചിത്രം ഇടം നേടിയിരിക്കുന്നതെന്നത് പ്രത്യേകതയാണ്. ഇന്ത്യൻ ബോക്സോഫീസിൽ 300 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുകഴിഞ്ഞു.