‘നാട്ടു നാട്ടുവിന് ഇത്രയേറെ ഭംഗിയുണ്ടാകാന്‍ കാരണം അതിലെ നൃത്തച്ചുവടുകളാണ്’ ; പ്രശംസിച്ച് സെയ്ഫ് അലി ഖാന്
ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്കാരം നേടിയാണ് ‘നാട്ടു നാട്ടു’ ഓസ്കറില് തിളങ്ങിയത്. എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും തകര്‍പ്പന്‍ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’. ചന്ദ്രബോസിന്റേതാണു വരികള്‍. പ്രേം രക്ഷിത് പാട്ടിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചു.
ഇപ്പോഴിതാ, ഓസ്കര് നേടിയ ‘നാട്ടു നാട്ടു’വിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാട്ടിന്റെ നൃത്തസംവിധാനമാണ് തന്നെ ഏറ്റവും കൂടുതല്‍ അതിശയിപ്പിച്ചതെന്നും തികഞ്ഞ ഊര്‍ജത്തോടെയാണ് രാം ചരണും ജൂനിയര്‍ എന്‍ടിആറും പാട്ടിനൊപ്പം ചുവടുവച്ചതെന്നും നടന് പറയുന്നു. ‘തെന്നിന്ത്യന്‍ ഗാനങ്ങള്‍ എന്നെ ഏറെ വിസ്മയിപ്പിക്കുന്നു.
നാട്ടു നാട്ടുവിന് ഇത്രയേറെ ഭംഗിയുണ്ടാകാന്‍ കാരണം അതിലെ നൃത്തച്ചുവടുകളാണ്. നൃത്തസംവിധാനം അതിമനോഹരമായി നിര്‍വഹിച്ചിരിക്കുന്നു. തെന്നിന്ത്യയുടെ നൃത്തച്ചുവടുകളും താളവും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. നാട്ടു നാട്ടുവില്‍ ഞാനാണ് ചുവടുവച്ചതെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു’, സെയ്ഫ് അലിഖാന് പറഞ്ഞു.
അതേസമയം, ഓസ്കാര്‍ ലഭിച്ചതിന് ശേഷം മടങ്ങിയെത്തിയ രാംചരണിന് അണിയറ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ സ്വീകരണമാണ് ഒരുക്കിയത്. നടനും ഡാന്‍സ് കൊറിയോഗ്രഫറുമായ പ്രഭുദേവ ‘നാട്ടു നാട്ടു സ്റ്റൈലില്‍’ നടന് രാംചരണിന് ഒരുക്കിയ സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ആര്‍സി15 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. രാംചരണിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തനിക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയതിന് പ്രഭുദേവയ്ക്കും സുഹൃത്തുക്കള്‍ക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.