‘റോഷാക്ക് എനിക്ക് രോമാഞ്ചമായിരുന്നു…! കാച്ചി കുറുക്കിയ, കത്തി പോലെ കുത്തി കയറുന്ന സംഭാഷണങ്ങള്‍’; ദേവികയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘റോഷാക്ക് എനിക്ക് രോമാഞ്ചമായിരുന്നു…! കാച്ചി കുറുക്കിയ, കത്തി പോലെ കുത്തി കയറുന്ന സംഭാഷണങ്ങള്‍’; ദേവികയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപന സമയം മുതല്‍ സസ്‌പെന്‍സും നിഗൂഢതയും നിറച്ച ചിത്രമായിരുന്നു റോഷാക്ക്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തിയേറ്ററിലെത്തിയത്മുതല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡികളില്‍ തുടര്‍ന്നകൊണ്ടിരിക്കുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം 15കോടിയ്ക്ക് മുകളില്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോഴിതാ ദേവിക എം എ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കയ്യടിക്ക് വേണ്ടി സാമ്പ്രദായികമായ ഒരു കണ്‍കെട്ടും കുത്തികയറ്റാതെ കാണുന്നവനെ അറിയാതെ കയ്യടിപ്പിക്കുന്ന സംവിധായകന്റെ കഴിവ്. തന്റെ ക്ലൈമാക്‌സില്‍ പോലും ലൂക്കിനെ എന്ത് ചെയ്യണം എന്ന് / എങ്ങനെ പ്ലേസ് ചെയ്യണമെന്ന് കൃത്യമായി ബോധ്യമുള്ള അയാളുടെ ക്രാഫ്റ്റ്മാന്‍ഷിപ്പ്. ‘റോഷാക്ക്’ എനിക്ക് രോമാഞ്ചമായിരുന്നുവെന്നും ദേവിക കുറിപ്പില്‍ പറയുന്നു.

ദേവികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

റോഷാക്ക്
സിനിമ കണ്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഹോണ്ട് ചെയ്യപ്പെടുന്ന ഒരനുഭവമാണ് ഈ ചിത്രം. ഒരു പക്ഷേ മാറിത്തുടങ്ങുന്ന മലയാള സിനിമയിലേക്ക് മമ്മൂട്ടി എന്ന എഴുപത്തിയൊന്നുകാരനായ നടന് നല്‍കാനായ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പരീക്ഷണം.

ഈ സിനിമയില്‍ അയാള്‍ അഭിനയിച്ചു എന്നതല്ല ഈ സിനിമയുടെ സാധ്യത സങ്കീര്‍ണത കാന്തികത അതിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അയാള്‍ക്ക് മുന്‍കൂട്ടി കാണാനായി എന്ന ചിന്ത തന്നെ കോരിത്തരിപ്പിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രം ഒതുങ്ങുമായിരുന്ന ഒരു സിനിമയെ മലയാളി പ്രേക്ഷകര്‍ ബിഗ് സ്‌ക്രീനില്‍ തന്നെ അറിയണം അനുഭവിക്കണം എന്ന് കരുതിയ അയാളിലെ ചലച്ചിത്ര പ്രേമിയെ കണ്ട് കൗതുകം തോന്നുന്നു.

ഒരൊറ്റ കഥാപാത്രത്തെ പോലും വെറുതെയങ്ങനെ കടന്നുപോകാന്‍ സംവിധാകനോ തിരക്കഥാകൃത്തോ അനുവദിച്ചിട്ടില്ല. കണ്ടു കണ്ടു കാഴ്ചയുടെ തന്നെ ശീലമായ മമ്മൂട്ടി എന്ന മുഖത്തെ പോലും വെറുതെയൊരു താരമായി നിലനില്‍ക്കാന്‍ സിനിമ സമ്മതിച്ചിട്ടേയില്ല. ഒരു അഭിനേതാവ് പോലും മുന്‍പരിചയത്തിന്റെ ബാധ്യതയുമായി കഥയുടെ ഒഴുക്കിന് കുറുകെ നിന്നില്ല. ആദ്യ ഫ്രെയിം മുതല്‍ റോഷാക്ക് കുഴിച്ച മാന്‍ഹോളിലേക്ക് ആഴ്ന്ന് പോകുകയായിരുന്നു.

ഇരുട്ടില്‍ ഒരു സര്‍പ്പദംശം ഏറ്റ പോലെ ആദ്യം സാവധാനവും പൊടുന്നനെ പരന്നും പടര്‍ന്നും കഥാപാത്രങ്ങളുടെ വിഷം കാഴ്ചക്കാരനെ കൊന്നു കളയുന്ന ഒരനുഭവം. ഇരുട്ടിന് നിറങ്ങള്‍ നല്‍കിയ ഛായഗ്രഹണ നിഗൂഢതകള്‍. സ്‌ക്രിപ്റ്റിനോട് ആരാധന പുലര്‍ത്തിയ ആര്‍ട്ട് ഡയറക്ഷന്‍. ആസ്ട്രല്‍ പ്രൊജക്ഷന്റെ വക്കോളം ശരീരത്തെ എത്തിക്കുന്ന പശ്ചാത്തല സംഗീതം.

ഉദ്യേഗജനകമായ പല സന്ദര്‍ഭങ്ങളിലും മമ്മൂട്ടി തലപൊക്കും എന്ന് പ്രതീക്ഷിരുന്നപ്പോഴെല്ലാം പരിചയമോ പരിചിതമോ അല്ലാത്ത തലങ്ങളിലേക്ക് ലൂക്ക് ആന്റണി അഴിഞ്ഞാടി. മരണത്തിന് പോലും കെടുത്താനാകാത്ത അയാളുടെ പകയേറ്റ് പലയിടത്തും പൊള്ളി. രണ്ടാം പകുതിയില്‍ മമ്മൂട്ടിക്ക് ഒപ്പമോ മമ്മൂട്ടിക്ക് മുകളിലോ ബിന്ദു പണിക്കര്‍ എന്ന അപാരനടി സിനിമയുടെ ത്രില്ലിങ് എലമെന്റായി തന്നെ വളര്‍ച്ച പ്രാപിച്ചു. അവരെ കണ്ടാണ് ഇടക്കിടെ വിറച്ചത്. ഭയന്നത്!

ലൂക്ക് ആന്റണിക്ക് ഓപ്പോസിറ്റ് പാറ പോലെ ഉറച്ച് അയാളോളം ഡിറ്റേര്‍മിന്‍ഡായ കഥാപാത്രമായി ഗ്രേസിനെ പോലൊരു ശക്തയായ നടിയെ നില്‍ക്കാന്‍ അനുവദിച്ചത് ജണ്ടര്‍ പെര്‍സ്‌പെക്ടീവില്‍ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. സ്ത്രീ പ്രാധിനിധ്യമുള്ള സിനിമയെന്നാല്‍ നായകന്റെ നിഴലായോ തണലായോ നന്മമരമായോ ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുക / അല്ലെങ്കില്‍ ക്ലൈമാക്‌സില്‍ നായകനിലേക്ക് ബാറ്റണ്‍ കൈമാറി നില്‍ക്കുന്ന ബോള്‍ഡായ ഒരു പെണ്‍രൂപത്തെ പ്രയാസപ്പെട്ട് സൃഷ്ടിക്കുക എന്നതൊക്കെയാണെന്ന് കരുതി പോരുന്ന മലയാള സിനിമ കീഴ്വഴക്കത്തിന് ബിന്ദു പണിക്കര്‍ എന്ന ആന്റഗണിസ്റ്റ് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.

അന്നൂര്‍ ബാബുവിലൂടെ പോകുന്ന നറേഷന്‍ തുടക്കം തന്നെ സിനിമയുടെ വൈബ് സെറ്ററായി. ഷറഫുദ്ദീന്‍ ചിത്രത്തിലേക്ക് ഉരുണ്ട് പെരണ്ടങ്ങനെ ചേര്‍ന്നു നില്‍ക്കുകയായിരുന്നു. ഒരേ സമയം കോമിക് റീലീഫും ക്യൂരിയോസിറ്റി ഫാക്ടറും വഹിക്കുന്ന കിറുകൃത്യം മീറ്ററില്‍ പോയ അഭിനേതാവ്. ജഗദീഷിന്റെ പോലീസ് കഥാപാത്രം , അതിന്റെ നിര്‍മ്മിതി, സ്വഭാവം. അയാളില്‍ മാത്രം ഒരു മുഴുനീളന്‍ സിനിമയുടെ സാധ്യതയുള്ളതായി തോന്നിപോയി. കോട്ടയം നസീറിന്റെ ശശാങ്കനിലേക്കുള്ള പരകായപ്രവേശം. അയാളുടെ സമ്മര്‍ദങ്ങള്‍ സാഹചര്യങ്ങള്‍ സംഘര്‍ഷങ്ങള്‍ നിസ്സഹായതകള്‍ പേറിയുള്ള സഞ്ചാരം! എഴുത്തുകാരന്റെ – സംവിധായകന്റെ – കാസ്റ്റിങ് ഡയറക്ടറുടെ ഒബ്‌സര്‍വേഷനുകളെ ഡെഡിക്കേഷനെ ഡീറ്റയിലിങ്ങിനെ പരാമര്‍ശിക്കാതിരിക്കാനാവില്ല.

കാച്ചി കുറുക്കിയ, കത്തി പോലെ കുത്തി കയറുന്ന സംഭാഷണങ്ങള്‍. റിയലിസത്തില്‍ ഒട്ടി നില്‍ക്കാത്ത എന്നാല്‍ ഡ്രാമയുടെ പൊതു സ്വഭാവങ്ങളില്‍ തൂങ്ങി കിടക്കാത്ത മിതത്വമുള്ള കഥ പറച്ചില്‍ രീതി. കയ്യടിക്ക് വേണ്ടി സാമ്പ്രദായികമായ ഒരു കണ്‍കെട്ടും കുത്തികയറ്റാതെ കാണുന്നവനെ അറിയാതെ കയ്യടിപ്പിക്കുന്ന സംവിധായകന്റെ കഴിവ്. തന്റെ ക്ലൈമാക്‌സില്‍ പോലും ലൂക്കിനെ എന്ത് ചെയ്യണം എന്ന് / എങ്ങനെ പ്ലേസ് ചെയ്യണമെന്ന് കൃത്യമായി ബോധ്യമുള്ള അയാളുടെ ക്രാഫ്റ്റ്മാന്‍ഷിപ്പ്. ‘റോഷാക്ക്’ എനിക്ക് രോമാഞ്ചമായിരുന്നു !