റഷീദ് എന്ന വില്ലനായി മാത്യൂ മാമ്പ്രയും അമ്മുവായി പ്രിയംവദ കൃഷ്ണനും റോഷാക്കിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍….
കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി ചില സിനിമകള്‍ വന്നിരുന്നു. ആ നിരയിലേക്ക് എത്തിയ മറ്റൊരു ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണെന്ന് ആന്റോ ജോസഫ് അറിയിച്ചിരുന്നു.
മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആഖ്യാനശൈലിയാണ് നിസാം ബഷീര്‍ എന്ന സംവിധായകന് ‘റോഷാക്കി’ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കടന്നു പോകുന്നത് അതിസങ്കീര്‍ണമായ അവസ്ഥയിലൂടെയാണ്. ആ സങ്കീര്‍ണമായ അവസ്ഥയെ അതിന്റെ തീവ്രത ഒട്ടും കുറയാതെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാന്‍ ഓരോ കഥാപാത്രങ്ങള്‍ക്കും സാധിച്ചിട്ടുമുണ്ട്. ഇത് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിനുള്ള കാരണവും.
ലൂക്ക് ആന്റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരുടെയെല്ലാം അഭിനയപ്രകടനം അതിഗംഭീരമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇവര്‍ക്കൊപ്പം തന്നെ അതീഗംഭീരമായ പ്രകടനമാണ് പുതിയ താരങ്ങളും കാഴ്ചവെച്ചിരിക്കുന്നത്. അതില്‍ എടുത്തു പറയേണ്ടത് മാത്യു മാമ്പ്ര എന്ന നടന്റേയും പ്രിയംവദ കൃഷ്ണന് എന്ന നടിയുടേയും അഭിനയമാണ്.
വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ മാത്യു മാമ്പ്ര റഷീദ് എന്ന വില്ലന്‍ കഥാപാത്രമായിയാണ് റോഷാക്കിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇതിന് മുന്‍പ് ചെരാതുകള്‍ എന്ന സിനിമയിലൂടെയാണ് മാത്യു മാമ്പ്രയെ ഇതിന് മുന്നേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. ചിത്രത്തിലെ വാത്സല്യവും പുഞ്ചിരിയും നിറച്ച അഭിനയത്തിന് സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നല്ല നടനുള്ള അവാര്‍ഡ് കിട്ടിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
കുറച്ച് സീനുകള്‍ മാത്രമാണ് റോഷാക്കില്‍ ഉളളതെങ്കിലും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ റഷീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു മാമ്പ്രയ്ക്ക് സാധിച്ചിട്ടുണ്ട്. മറ്റൊരു കഥാപാത്രമാണ് അമ്മുവായി അഭിനയിച്ച പ്രിയംവദ കൃഷ്ണന്റേത്. ഇതിനു മുന്‍പ് തൊട്ടപ്പന് എന്ന ചിത്രത്തിലാണ് പ്രിയംവദ അഭിനയിച്ചത്. വലിയ റോളുകള്‍ ചെയ്യാന്‍ പ്രാപ്തരാണെന്ന് തെളിയിക്കും വിധം അനായാസമായാണ് ഇരുവരും ചിത്രത്തില്‍ അഭിനയിച്ചത്. രണ്ടു പേര്‍ക്കും മമ്മൂട്ടിയെന്ന നടനവൈഭവത്തിന്റ കൂടെയുള്ള കോമ്പിനേഷന്‍ സീനുകള്‍ നിസ്സംശയം ഭംഗിയാക്കാനായി.