റിപ്പീറ്റ് വാച്ച് സിനിമാനുഭവം! രോമാഞ്ചം 50 കോടി ക്ലബിലേക്ക്…..
നവാഗതനായ ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റില്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമാണ് ‘രോമാഞ്ചം’. ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്തതിന് ശേഷം ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു.
ഇപ്പോഴിതാ, ചിത്രം 50 കോടി ക്ലബ്ബിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറങ്ങള്‍ അനുസരിച്ച്, ‘രോമാഞ്ചം’ കേരള ബോക്സ് ഓഫീസില്‍ നിന്ന് 30 കോടിയോളം രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ സിനിമയുടെ ആഗോള കളക്ഷന്‍ കണക്കുകള്‍ വരും ദിവസങ്ങളില്‍ 50 കോടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
നവാഗതനായ ജിത്തു മാധവന്റെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രത്തില്‍ സൌബിന്‍ ഷാഹിറിനും അര്ജുന് അശോകനും ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്. ഇവരെ കൂടാതെ, പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളായി എത്തി. പല തവണ റിലീസ് നീട്ടിവെച്ചതിനു ശേഷം ഫെബ്രുവരി 3 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 144 സ്ക്രീനുകളിലായിരുന്നു റിലീസ്. എന്നാല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചതോടെ ഓരോ വാരത്തിലും നിലവിലെ തിയറ്ററുകള്‍ കൂടാതെ കൂടുതല്‍ സ്ക്രീനുകളിലേക്ക് ചിത്രം ആഡ് ചെയ്യപ്പെട്ടു തുടങ്ങി.
നിലവില്‍ നാലാം വാരത്തില്‍ എത്തിനില്ക്കുമ്പോള് കേരളത്തില്‍ ചിത്രം 197 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വാരം മലയാളത്തില്‍ നിന്ന് 9 പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടും അത് രോമാഞ്ചത്തിനെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ആദ്യ 10 ദിവസത്തില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം 14 കോടിയിലേറെ നേടിയതായായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 30 കോടി നേടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17 കോടിയും.
ഇതെല്ലാം ചേര്‍ത്ത് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 50 കോടി ക്ലബ്ബില്‍ എത്തിയെന്നാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ എല്ലാവരും അറിയിക്കുന്നത്. ഇപ്പോഴും വാരാന്ത്യ ദിനങ്ങളില്‍ ഹൌസ്ഫുള് ഷോകള്‍ ലഭിക്കുന്ന ചിത്രം പ്രദര്‍ശനം അവസാനിപ്പിക്കുന്നതിനു മുന്‍പ് ബോക്സ് ഓഫീസില്‍ ഇനിയും ഏറെ മുന്നോട്ടുപോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന് ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സൗബിന് ഷാഹിര്‍, അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല് പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന് അജയ്, ജോമോന് ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന് ശ്യാം.