കാന്താര ഹീറോ ഇല്ല…! മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ നിന്നും പിന്മാറി ; കാരണം വ്യക്തമാക്കി ഋഷഭ് ഷെട്ടി
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള് എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ. ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് അണിയറക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ‘കാന്താര’ നായകന് ഋഷഭ് ഷെട്ടിയും ചിത്രത്തിലുണ്ടാവുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. മലൈകോട്ടൈ വാലിബനിലൂടെ ഋഷഭ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. ലിജോയുടെ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ മറ്റൊരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാനുള്ളതിനാല്‍ ഈ ഓഫര്‍ നിരസിക്കേണ്ടി വന്നു എന്നാണ് ഋഷഭ് ഷെട്ടി ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന് ആചാരി, ആട് 2 ലെ ചെകുത്താന് ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ഹരിപ്രശാന്ത് വര്‍മ്മ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ചിത്രീകരണമുണ്ടാകും.
സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കം രാജസ്ഥാനിലാണ്. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന് ഷെഡ്യൂള്‍ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ 10-15 കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വ്വഹിക്കുക. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.