‘മണിച്ചേട്ടന്‍ ചെയ്യാന്‍ ബാക്കി വെച്ച് പോയ കാര്യങ്ങള്‍ മണിച്ചേട്ടന് വേണ്ടി താന്‍ ചെയ്യുകയാണ്’ ; രേവത് പറയുന്നു
മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആ അതുല്യകലാകാരന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുകയാണ്. സിനിമയിലും കലാരംഗത്തും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണി ലോകത്തോട് വിടപറഞ്ഞത്.
നടനായും ഗായകനായും തിളങ്ങി ഓരോ മലയാളികളുടേയും മനസ്സില്‍ ഇടംനേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയില്‍ ജീവിച്ചു. മണിയെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. അങ്ങനെ ഓര്‍ക്കാന്‍ തന്നെ ഒരു പാട് നല്ല നല്ല കാര്യങ്ങളുണ്ട്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കില്‍ പിന്നീട് നായകനായും വില്ലനായും കലാഭവന്‍ മണി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞു നിന്നു.
മണിയുടെ ഓര്‍മ്മ ദിനമായ ഇന്ന് നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ, കലാഭവന്‍ മണിയുടെ സഹായം കൊണ്ട് ജീവിതം മുന്നോട്ട് പോയ രേവത് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്ക് തന്നാല്‍ കഴിയും വിധമുള്ള സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും, മണിച്ചേട്ടന്‍ ചെയ്യാന്‍ ബാക്കി വെച്ച് പോയ കുറെ കാര്യങ്ങളുണ്ട് അവ മണിച്ചേട്ടന് വേണ്ടി താന്‍ ചെയ്യുകയാണെന്നും പറയുകയാണ് രേവത്.
രേവതിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
‘മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ കാണാന്‍ ആഗ്രഹിച്ച് മണിച്ചേട്ടന്‍ വിളിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ മാനേജരുടെ വിവാഹ ചടങ്ങിലേക്ക് എന്നെ മണിച്ചേട്ടന്‍ ക്ഷണിച്ചു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യില്‍ ഉണ്ടായിരുന്ന 29 ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ മണിച്ചേട്ടന്‍ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അദ്ദേഹം വാങ്ങി തന്നു.
മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്‌സിങ് പഠിപ്പിക്കാന്‍ പണം തന്നതും മണിച്ചേട്ടനാണ്. വീട്ടിലേക്ക് കറന്റ് കിട്ടാന്‍ കാരണവും മണിച്ചേട്ടനാണ്. ഞാന്‍ കഷ്ടപ്പെടുന്നത് കണ്ട് മണിച്ചേട്ടന്‍ എനിക്കൊരു ഓട്ടോറിക്ഷ വാങ്ങിത്തന്നിരുന്നു. പക്ഷെ പിന്നീട് മണിച്ചേട്ടന്റെ കൂട്ടുകാര്‍ അത് എന്നില്‍ നിന്നും തിരികെ വാങ്ങി. അന്ന് കേസൊക്കെ ഉണ്ടായി. ഒരിക്കല്‍ ഉത്സവപറമ്പില്‍ കാസറ്റ് വില്‍പ്പന നടത്തികൊണ്ടിരിക്കവെയാണ് പൊലീസുകാര്‍ വന്ന് മണിച്ചേട്ടന്‍ മരിച്ചുവെന്ന് പറഞ്ഞത്. അതെനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ ബോധം കെട്ട് വീണു. ഇന്നും ഞാന്‍ വിശ്വസിക്കുന്നത് മണിച്ചേട്ടന്‍ തിരിച്ചുവരും എന്നാണ്’, രേവത് പറയുന്നു.
‘ഓട്ടോ ഓടിച്ച് നിര്‍ധനരായവരെ സഹായിക്കുന്ന വിവരമൊക്കെ അറിഞ്ഞ് പല കോണില്‍ നിന്നും ആളുകള്‍ ചികിത്സ സഹായവും മറ്റും ചോദിച്ച് എന്നെ വിളിക്കാറുണ്ട്. പക്ഷെ അവരെ സാമ്പത്തികമായി സഹായിക്കാനുള്ള വരുമാനം എനിക്കില്ല. അക്കാര്യം ഞാന്‍ അവര്‍ വിളിക്കുമ്പോള്‍ തന്നെ പറയും. ഞാനും കഷ്ടപ്പെടുന്നയാളാണ്. ചില സമയങ്ങളില്‍ ഒരു നേരം വീട്ടില്‍ ഭക്ഷണം വയ്ക്കാനുള്ള പൈസ പോലും കയ്യില്‍ കാണില്ല. ആ സമയത്തും ഞാന്‍ സൗജന്യമായി കാന്‍സര്‍ രോഗികളുമായി തിരുവനന്തപുരം ആര്‍സിസിയിലേക്ക് ഓട്ടം പോകാറുണ്ട്. മണിച്ചേട്ടന്‍ ചെയ്യാതെ പോയെ കുറെ കാര്യങ്ങളുണ്ട് ഇവിടെ. അതുകൊണ്ടാണ് നിര്‍ധനരായിട്ടള്ളവര്‍ അവരുടെ കഥ പറയുമ്പോള്‍ ഞാന്‍ അവരെ സഹായിക്കുന്നത്. എനിക്ക് സ്വന്തമായി വീടില്ല. മാമനൊപ്പമാണ് താമസിക്കുന്നത്. അച്ഛന്‍ ചെറുപ്പത്തില്‍ ഉപേക്ഷിച്ച് പോയി. എന്നെ കുറിച്ച് വന്നൊരു ഫീച്ചര്‍ കണ്ടിട്ടാണ് മണിച്ചേട്ടന്‍ എന്നെ സഹായിക്കാനെത്തിയത്’, എന്നും രേവത് പറയുന്നു. ബിഹൈന്‍വുഡ്‌സിനോട് ആയിരുന്നു യുവാവിന്റെ പ്രതികരണം.