‘മണി ചേട്ടന്‍ ചെയ്ത സഹായം തിരിച്ചു വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല ഞങ്ങള്‍’; തെറ്റായ വാര്‍ത്തയ്‌ക്കെതിരെ മണിയുടെ സഹോദരന്‍
കലാഭവന്‍ മണി രേവദ് ബാബു എന്നയാള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി കൊടുത്തിരുന്നെന്നും, അത് മണിയുടെ വീട്ടുകാര്‍ തിരിച്ചു വാങ്ങി എന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് പറയുകയാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ചേട്ടന്‍ ചെയ്ത സഹായങ്ങള്‍ തിരികെ വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങളെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നു.
മണിയുടെ വീട്ടുകാര്‍ അല്ല ഓട്ടോറിക്ഷ തിരികെ വാങ്ങിയതെന്ന രേവദ് ബാബുവിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
https://www.facebook.com/100003274211109/videos/906581940546543/
‘സത്യാവസ്ഥ ജനങ്ങള്‍ അറിയാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്യേണ്ടി വന്നത്. മണി ചേട്ടന്‍ വാങ്ങി കൊടുത്ത ഓട്ടോറിക്ഷ ഞങ്ങള്‍ വീട്ടുകാര്‍ തിരികെ വാങ്ങി എന്ന നവമാധ്യമ വാര്‍ത്ത ഏറെ വേദയുണ്ടാക്കി. മണി ചേട്ടന്റെ വിയോഗശേഷം നിരവധി കുപ്രചരണങ്ങള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ചേട്ടന്‍ ചെയ്ത സഹായം തിരികെ ചോദിക്കാന്‍ ഞങ്ങള്‍ വീട്ടുകാര്‍ ഹൃദയമില്ലാത്തവരല്ല. ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. എന്തായാലും തെറ്റായ വാര്‍ത്ത പരത്തിയവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും”. ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു.
മണിയുടെ ഓര്‍മ്മ ദിനത്തിലാണ് രേവദ് തന്നെ സഹായിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്.
‘മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ കാണാന്‍ ആഗ്രഹിച്ച് മണിച്ചേട്ടന്‍ വിളിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ മാനേജരുടെ വിവാഹ ചടങ്ങിലേക്ക് എന്നെ മണിച്ചേട്ടന്‍ ക്ഷണിച്ചു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യില്‍ ഉണ്ടായിരുന്ന 29 ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ മണിച്ചേട്ടന്‍ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അദ്ദേഹം വാങ്ങി തന്നു.
മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്സിങ് പഠിപ്പിക്കാന്‍ പണം തന്നതും മണിച്ചേട്ടനാണ്. വീട്ടിലേക്ക് കറന്റ് കിട്ടാന്‍ കാരണവും മണിച്ചേട്ടനാണ്. ഞാന്‍ കഷ്ടപ്പെടുന്നത് കണ്ട് മണിച്ചേട്ടന്‍ എനിക്കൊരു ഓട്ടോറിക്ഷ വാങ്ങിത്തന്നിരുന്നു. പക്ഷെ പിന്നീട് മണിച്ചേട്ടന്റെ കൂട്ടുകാര്‍ അത് എന്നില്‍ നിന്നും തിരികെ വാങ്ങി. അന്ന് കേസൊക്കെ ഉണ്ടായി. ഒരിക്കല്‍ ഉത്സവപറമ്പില്‍ കാസറ്റ് വില്‍പ്പന നടത്തികൊണ്ടിരിക്കവെയാണ് പൊലീസുകാര്‍ വന്ന് മണിച്ചേട്ടന്‍ മരിച്ചുവെന്ന് പറഞ്ഞത്. അതെനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ ബോധം കെട്ട് വീണു. ഇന്നും ഞാന്‍ വിശ്വസിക്കുന്നത് മണിച്ചേട്ടന്‍ തിരിച്ചുവരും എന്നാണ്’, രേവത് പറയുന്നു.