‘ജയറാം എന്നെ ഒഴിവാക്കി, കാരണം അറിയില്ല’; സൗഹൃദ തകര്‍ച്ചയെക്കുറിച്ച് രാജസേനന്
പതിമൂന്ന് വര്‍ഷത്തോളം നടന് ജയറാമുമായി നീണ്ടു നിന്നിരുന്ന സൗഹൃദം തകര്‍ന്നതിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ചലച്ചിത്ര സംവിധായകന് രാജസേനന്. മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണ്‍, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്, ഞങ്ങള്‍ സന്തുഷ്ടരാണ്, അനിയന് ബാവ ചേട്ടന് ബാവ തുടങ്ങി ജയറാമിന്റെ കരിയറിലെ എണ്ണംപറഞ്ഞ 16 സിനിമകളാണ് രാജസേനന്റേതായി ഉണ്ടായത്. 1991ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിയ്ക്കുന്നത്. 2006ല്‍ പുറത്തിറങ്ങിയ രാജസേനന്റെ കനകസിംഹാസനത്തിലും ജയറാം തന്നെയായിരുന്നു നായകന്. പക്ഷേ, കാലം കഴിഞ്ഞപ്പോള്‍ ഇരുവരും അകാരണമായി അകന്നു. ആ സൗഹൃദ തകര്‍ച്ചയെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ രാജസേനന് വിവരിച്ചിരിക്കുന്നത്.
13 വര്‍ഷത്തെ സൗഹൃദത്തിനിടെ ഒട്ടുമിക്ക ദിവസങ്ങളും തമ്മില്‍ കാണുകയും, കാണാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നവരായിരുന്നു തങ്ങളെന്ന് രാജസേനന് ഓര്‍ത്തെടുക്കുന്നു. എന്നാല്‍ പിന്നീട് കുറേ കഴിഞ്ഞപ്പോള്‍ താന്‍ വിളിച്ചാല്‍ ഡേറ്റിന് വേണ്ടി വിളിക്കുന്നതാണെന്ന തെറ്റിദ്ധാരണ ജയറാമിന് ഉണ്ടായി. അതോടെ അദ്ദേഹം തന്റെ കോളുകളില്‍ നിന്ന് ഒഴിഞ്ഞു മാറി. കാര്യം മനസ്സിലാക്കിയതോടെ താനും പിന്നെ ആ വഴിയ്ക്ക് പോയിട്ടില്ല എന്ന് രാജസേനന് പറയുന്നു.അടുത്ത സുഹൃത്തുക്കള്‍ എന്തെങ്കിലും ആവശ്യത്തിനല്ലല്ലോ പരസ്പരം വിളിക്കുന്നതെന്നും രാജസേനന് ചോദിക്കുന്നു. ജയറാമും രാജസേനനും തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍ വഴക്കോ സാമ്പത്തിക ഇടപാടുകളോ ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇല്ലാതായിപ്പോയ സൗഹൃദമാണ് ജയറാമുമായിട്ടുണ്ടായിരുന്നതെന്ന് രാജസേനന് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ അത് ജയറാമിന് പറയാം. നേരിട്ട് പറയുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. പല ചര്‍ച്ചകളില്‍ നിന്നും തന്റെ പേര് ഒഴിവാക്കാന്‍ ജയറാം ശ്രമിക്കുന്നുണ്ട്. തന്നെ കുറിച്ച് അഭിമുഖങ്ങളില്‍ ജയറാമിനോട് ചോദിക്കുമ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറുന്നത് കാണുമ്പോള്‍ ചിരി വരാറുണ്ടെന്നും രാജസേനന് കൂട്ടിച്ചേര്‍ത്തു.
മിമിക്രിയിലൂടെയാണ് ജയറാം കലാരംഗത്തേയ്ക്ക് കടന്നു വരുന്നത്, പ്രത്യേകിച്ച് അഭിനയ രംഗത്തേയ്ക്ക്. പത്മരാജന്റെ അപരന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ രംഗപ്രവേശനം നടത്തിയത്. എന്നാല്‍ പിന്നീടിങ്ങോട്ട് ജയറാം എന്ന നടനെ ജനകീയനാക്കിയത് രാജസേനന്റെ ചിത്രങ്ങളിലൂടെയാണ്. മലയാള സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്കിയ ആളാണ് രാജസേനന്. 1984 മുതല്‍ അദ്ദേഹം സ്വതന്ത്ര സംവിധായകനായി പ്രവര്‍ത്തിച്ചു തുടങ്ങി. പാവം ക്രൂരന് ആയിരുന്നു ആദ്യ സിനിമ. തൊണ്ണൂറുകളുടെ ഹിറ്റ് മേക്കറായാണ് പിന്നീട് അദ്ദേഹം വളര്‍ന്നത്. കഥ, തിരക്കഥ, സംഭാഷണം, സംഗീത സംവിധാനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു. പുതിയ വെളിപ്പെടുത്തലുകളിലൂടെ രണ്ട് താരങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതായി വീണ്ടും ഒന്നിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.