പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും ‘വരയൻ’: വിശ്വാസം കൈവിടാതെ നിർമ്മാതാവ്
സിജു വിത്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരയന്‍’. സത്യം സിനിമാസിന്റെ ബാനറില്‍ എജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ, ടൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന ബെല്‍ജിയന്‍ മലിനോയ്സ് ഇനത്തില്‍പ്പെട്ട നായയും മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മെയ് 20ന് ചിത്രം തിയേറ്ററില്‍ എത്തും.
അതേസമയം, ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എജി പ്രേമചന്ദ്രന്. സംവിധായകന് ജിജോ ജോസഫ്, തിരക്കഥാകൃത്ത് ഫാദര്‍ ഡാനി കപ്പൂച്ചിന്‍, നായകന് സിജു വിത്സന് എന്നിവര്‍ ഒരുമിച്ചു വന്നാണ് തന്നോട് വരയന്റെ കഥ പറഞ്ഞതെന്നും, 4 പാട്ടുകളും 2 ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തി ഒരു പാക്കേജിങ് കഥയായിട്ടാണ് അവര്‍ തന്റെ അടുത്തേക്ക് വരുന്നതെന്നും, കഥ പറഞ്ഞ രീതിയും അവതരിപ്പിച്ച ശൈലിയും തനിക്കിഷ്ടപ്പെട്ടെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു. സിനിമയിലെ നായകനായി എത്തുന്ന ‘ഫാദര്‍ എബി കപ്പൂച്ചിന്‍’ എന്ന പുരോഹിതന്റെ വേഷം സിജു വിത്സനാണ് ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ആ വേഷം അദ്ദേഹത്തിന് ചേരുന്നതായും തോന്നി. ഒന്നര വര്‍ഷത്തിലേറെയായി ‘വരയന്‍’ ന്റെ പിറകെയാണ് മൂവരും. നല്ല സബ്ജക്ടുകള്‍ ചെയ്യാനുള്ള ആഗ്രഹത്തിലാണ് താന്‍ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചത്. ‘വരയന്‍’ അത്തരമൊരു സിനിമയാണെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്കെല്ലാം ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ‘വരയന്‍’. നര്‍മ്മരസങ്ങള്‍ പലയിടത്തുമുണ്ട്. അതെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും. തനിക്കതില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നിര്‍മ്മാതാവ് പറഞ്ഞു.
ഇതിനോടകം തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും, ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇനി ചിത്രം തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയ്ലര് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ഒന്നാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.