പൃഥ്വിരാജ് – ഷാജി കൈലാസ് ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’ ; റിലീസ് തിയതി പ്രഖ്യാപിച്ചു
ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാപ്പ. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രഖ്യാപനസമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രം ആയതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയത് പുറത്തുവിട്ടിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയതി അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം എന്ന് കാണാനാവുമെന്ന കാര്യം അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബര്‍ 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ജി ആര് ഇന്ദുഗോപന് എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. തിരുവനന്തപുരത്തെ ഗുണ്ടാ ഗ്യാങ്ങുകളുടെ പശ്ചാത്തലത്തിലാണ് കാപ്പ കഥ പറയുന്നത്. നീതിയല്ല, നിയമമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞതാണ്. അന്ന ബെന്‍, ദിലീഷ് പോത്തന്, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് ടി ജോണ്‍ ആണ് നിര്‍വഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകള്‍ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംങ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദാണ്. ചിത്രത്തിനായി പൃഥ്വിരാജ് നല്‍കിയത് 60 ദിവസത്തെ കാള്‍ ഷീറ്റായിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ് ഹരി തിരുമല, പി ആര് ഒ ശബരി. ചിത്രത്തിനായി സിനിമാപ്രേമികള്‍ വലിയ ആകാഷയോടെയാണ് കാത്തിരിക്കുന്നത്.