എമ്പുരാനിൽ ദുൽഖർ സൽമാൻ ഉണ്ടാവുമോ? മറുപടി നൽകി പൃഥ്വിരാജും
മലയാളത്തിലെ ആദ്യ 200 കോടി സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. കഴിഞ്ഞ ഓക്ടോബർ അവസാനമായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ തുടര്‍ ചിത്രമായി എമ്പുരാൻ എത്തുമ്പോള്‍ ആരാധകരുടെ ആകാംക്ഷ പ്രത്യേകം വിവരിക്കേണ്ടതില്ല. ദുല്‍ഖറും എമ്പുരാനിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പൃഥ്വിരാജ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ആരൊക്കെ എമ്പുരാനിലുണ്ടാകുമെന്ന് ഞാൻ പുറത്തുവിട്ടിട്ടില്ല. മോഹൻലാല്‍ ഉണ്ടാകും എന്നേ നിലവില്‍ പറയാനാകൂ എന്നും പൃഥ്വിരാജ് വ്യക്തമാക്കി. ദുല്‍ഖറിനൊപ്പം എനിക്ക് ഒരു മലയാള സിനിമയില്‍ വേഷമിടണമെന്നുണ്ട്. ദുല്‍ഖറിനും അങ്ങനെ ഒരു ആഗ്രഹമുണ്ടാകും. ഞങ്ങളെ രണ്ടു പേരെയും ഒന്നിച്ച് സിനിമയില്‍ കാണാൻ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാകും. അതിനാല്‍ മികച്ച ഒരു തിരക്കഥയുമായുള്ള സിനിമയ്ക്ക് മാത്രമേ ഞങ്ങള്‍ രണ്ടുപേരും സമ്മതം നല്‍കൂ. ഞങ്ങള്‍ക്ക് യോജിക്കുന്ന ഒരു സിനിമ കഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.
വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേല്‍ക്കുകയും ശസ്‍ത്രക്രിയ നടത്തുകയും മൂന്ന് മാസം വിശ്രമിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. തനിക്ക് നിലവില്‍ വലിയ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ സാധിക്കില്ല എന്നും ലൂസിഫറില്‍ സയിദ് മസൂദായി എത്തിയ പൃഥ്വിരാജ് വ്യക്തമാക്കുന്നു. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അതിനാല്‍ താൻ ഉള്‍പ്പെടുന്ന അത്തരം രംഗങ്ങള്‍ അപ്പോള്‍ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹൻലാലിനൊപ്പം സംവിധായകനായ പൃഥ്വിരാജും മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അഖിലേഷ് മോഹനാണ് എഡിറ്റർ. മോഹൻദാസാണ് ചിത്രത്തിന്റെ കല സംവിധായകൻ. നിർമൽ സബദേവാണ് എമ്പുരാന്റെ ക്രിയേറ്റീവ് ഡയക്ടർ. സ്റ്റണ്ട് സിൽവയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഒരുക്കുന്നത്. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കും