‘എമ്പുരാനില്‍ മുണ്ടോണോ ധരിക്കുന്നത്, നോര്‍ത്തിന്ത്യന്‍ താരം അതിഥി വേഷത്തില്‍ എത്തുമോ’; സംശയങ്ങളെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍
‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചതെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെയാണ് കാന്താര എന്ന സിനിമ ചര്‍ച്ച വിഷയമായത്. വിവിധ ഇന്ഡസ്ട്രികളില് കഴിവു തെളിയിച്ച താരങ്ങളും സംവിധായകരുമായിരുന്നു ഫിലിം കംപാനിയന് ഷോയില്‍ പങ്കെടുത്തത്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വലിയ ബജറ്റിലുള്ള സിനിമകള്‍ വേണമെന്നില്ല എന്നാണ് കാന്താരയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് രാജമൗലി പറഞ്ഞപ്പോള്‍ താരങ്ങളുടെ സ്റ്റൈലോ പേരോ ഒന്നുമല്ല ഒരു പാന്‍ ഇന്ത്യന്‍ സിനിമ നിര്‍ണയിക്കുന്നതെന്ന് പൃഥ്വിരാജും പറഞ്ഞു.
മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന ചലച്ചിത്രപ്രവര്ത്തകന് എന്ന നിലയില്‍ ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രം മലയാളം ഇന്‍ഡസ്ട്രിയില്‍ അധികം പരിചിതമല്ലാത്ത ഒരു സ്കെയിലില്‍ ഉള്ളതാണെന്നും, ഞങ്ങളുടെ ഡിജിറ്റല്‍, സാറ്റലൈറ്റ് പങ്കാളികളുമായുള്ള മീറ്റിങ്ങില്‍ ഞാന്‍ സൂചിപ്പിച്ചത് ഒരു പാന്‍ ഇന്ത്യന്‍ ഫിലിം ആണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ മുണ്ടാണോ ധരിക്കുന്നത്, ആര്‍ആര്‍ആറില്‍ അജയ് ദേവഗണ്‍ അതിഥി വേഷത്തില്‍ വന്നതുപോലെ ഒരു നോര്‍ത്ത് ഇന്ത്യന്‍ താരം അതിഥി വേഷത്തില്‍ എത്തുമോ എന്നൊക്കെയായിരുന്നു ഓരോരുത്തരുടേയും സംശയം. പക്ഷേ കാന്താര വന്നപ്പോള്‍ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് നോര്‍ത്ത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ഉള്‍പ്പെടെ എല്ലാവരും മുണ്ട് ധരിച്ചു കണ്ടു. സത്യത്തില്‍ താരങ്ങളുടെ സ്റ്റൈലോ പേരോ ബജറ്റോ ഒന്നുമല്ല സിനിമയുടെ ഉള്ളടക്കമാണ് അത് പാന്‍ ഇന്ത്യന്‍ സിനിമ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
നടന് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് തന്നെയണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നതും. കന്നഡ സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമെന്നാണ് കാന്താരയെ സിനിമാ ലോകം വിലയിരുത്തുന്നത്. ശിവയെന്ന കഥാപാത്രമായാണ് ഋഷഭ് ചിത്രത്തിലെത്തിയത്. സപ്തമി ഗൗഡയാണ് ചിത്രത്തില്‍ നായികയായെത്തിയത്.
കാന്താര പ്രദര്‍ശനത്തിന് എത്തിയതോടെ നിരവധി അഭിനേതാക്കളും മറ്റും മികച്ച പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ചിത്രം കന്നഡയില്‍ മികച്ച വിജയമായതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കാന്താര മലയാളം പതിപ്പ് കേരളത്തിലെത്തിച്ചത്. കര്‍ണാടകയിലെ തീരദേശ മേഖലയിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് സിനിമയുടെ പ്രമേയം. 16 കോടി മുടക്കുമുതലില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 230 കോടി രൂപയാണ് കരസ്ഥമാക്കിയിരിക്കുന്നത്.