‘പൊന്നിയിന്‍ സെല്വന് സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലായിരിക്കും’ ; മണിരത്നം പറയുന്നു
വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് മണി രത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’. കല്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനൊരുങ്ങുകയാണ്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്, ശോഭിതാ ദുലിപാല, ജയചിത്ര എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന്, ബാബു ആന്റണി എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പൊന്നിയിന്‍ സെല്വന് ടീം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ ശബ്ദത്തിലായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മണിരത്നം. തിരുവനന്തപുരത്തെ നിശാഗന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. ‘മമ്മൂട്ടി സാറിനോട് നന്ദി പറയണം. ഒരു ദിവസം അദ്ദേഹത്തെ വിളിച്ചിട്ട് പൊന്നിയിന്‍ സെല്വന് പരിചയപ്പെടുത്താനായി ഒരാളെ വേണം, നിങ്ങള്‍ വോയ്സ് ഓവര്‍ ചെയ്യുമോയെന്ന് ചോദിച്ചു. രണ്ട് സെക്കന്റിന് ശേഷം മമ്മൂട്ടി പറഞ്ഞത് എനിക്ക് അയക്കൂ, ഞാന്‍ ചെയ്തു തരാമെന്ന്. ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലായിരിക്കും’ മണി രത്നം വ്യക്തമാക്കി. അദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോള്‍ ഹാളിലുള്ള ആരാധകര്‍ വന്‍ ആവേത്തോടെയാണ് സ്വകരിച്ചത്.
സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുക. റിലീസിനോട് അനുബന്ധിച്ച് രാജ്യത്തെ വന്‍ നഗരങ്ങളില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും ആരാധകരെ കാണാനായി എത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന് സംഭാഷണവും ഒരുക്കുന്നത്. എ ആര് റഹ്മാന് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി വര്മ്മന് ആണ്. 1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു.