‘കുന്ദവൈ’യുടേയും ‘വന്ദിയത്തേവ’ന്റേയും പ്രണയം ; പൊന്നിയിന്‍ സെല്വന് 2 ലെ ആദ്യഗാനം
വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തിയ ചിത്രമായിരുന്നു മണി രത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’. സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്വന്’ ഒരുക്കിയത്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2022 സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തിയ പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തുക ഏപ്രില്‍ 28 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അഗ നഗ എന്ന് തമിഴില്‍ ആരംഭിക്കുന്ന ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഒരുമിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈക്കും കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരായന്‍ വന്ദിയത്തേവനും ഇടയിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദ് രചിച്ച് ഏ ആര് റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്.
ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയത്. വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യാ റായ് ബച്ചന്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിന്‍ സെല്‍വനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന് സംഭാഷണവും ഒരുക്കുന്നത്. എ ആര് റഹ്മാന് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി വര്മ്മന് ആണ്. 1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു.