പത്താനോടും ഷാരൂഖിനോടും നന്ദി; 32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീരിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്
ഷാരൂഖ് ഖാന് നായകനായി എത്തിയ പത്താന് വന്‍ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരി 25ന് തിയേറ്ററില്‍ എത്തിയ പത്താന് അന്ന് തന്നെ നൂറുകോടിയോളം രൂപ ബോക്സ്ഓഫീസില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ചിത്രം പ്രദര്‍ശനകത്തിന് എത്തിയതെങ്കിലും, ചിത്രത്തെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നത് പോസറ്റീവ് വാര്‍ത്തകളാണ്.
ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്നത് ചിത്രത്തിലെ ഒരു പ്രധാന സന്ദര്‍ഭമാണ്. അതിനാല്‍ തന്നെ പത്താന് ഒരു മികച്ച വാര്‍ത്ത വരുന്നത് കാശ്മീരില്‍ നിന്നാണ്. ഷാരൂഖിന്റെ സ്പൈ ത്രില്ലറായ പത്താന് കാശ്മീര്‍ താഴ്വരയിലെ തിയേറ്റര്‍ ഉടമകള്‍ക്കും ആഘോഷമായി എന്നാണ് വിവരം. കാശ്മീരിലെ തിയേറ്ററിലെ ‘ഹൗസ്ഫുള്’ എന്ന ബോര്‍ഡാണ് തീയറ്റര്‍ ശൃംഖലയായ ഇനോക്സ് ഷെയര്‍ ചെയ്തത്. നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീരിലെ തിയേറ്റര്‍ ഹൗസ്ഫുള് ആയെന്നും. ഇതില്‍ ഷാരൂഖിനോട് നന്ദിയുണ്ടെന്നും ഇവരുടെ പോസ്റ്റ് പറയുന്നു.
ശ്രീനഗര്‍ ശിവ്പോരയിലെ ഇനോക്സ് തീയറ്ററില്‍ ജനുവരി 27ന് 2:30, 6 മണി സമയങ്ങളില്‍ ആറ് ഷോകളാണ് പത്താന് പ്രദര്‍ശിപ്പിച്ചത്. അതില്‍ അഞ്ചെണ്ണം വിറ്റുതീര്‍ന്നു അല്ലെങ്കില്‍ വേഗത്തില്‍ വിറ്റുപോകുന്നു എന്ന സൈനാണ് കാണിക്കുന്നതെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 28, 29 വാരാന്ത്യങ്ങളിലും സമാനമായ ബുക്കിംഗാണ് കാണിക്കുന്നത്.
അതേസമയം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന് നായകനായി എത്തിയ ചിത്രമായിരുന്നു പത്താന്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ബോളിവുഡിന് ഈ ചിത്രം വലിയയൊരു മുതല്‍ക്കൂട്ടാകും എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍.