തിയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് ‘പാപ്പന്’ ; കേരളത്തില്‍ അന്‍പതോളം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു
മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ജോഷി സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത പാപ്പന് കേരളത്തില്‍ അമ്പതിലേറെ തീയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് മുന്നേറുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ റിലീസ് ചെയ്തിട്ടും കേരളത്തില്‍ നിന്നു മാത്രം ബംമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. കേരളത്തില്‍ പാപ്പന് റിലീസ് ചെയ്തത് 250 ല്‍ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു.
റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. 18 ദിവസത്തിനുള്ളിലാണ് പാപ്പന് അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന് നേടിയിരുന്നു. 25 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 60 കോടി നേടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്.
കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ സാറ്റ്ലൈറ്റ് ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റു പോയ വിവരം അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് ഒടിടി അവകാശം സീ5 നെറ്റ്വര്ക്കിനാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദര്‍ശനത്തിനെത്തും. ഇതോടെ ചിത്രം 100 കോടി ക്ലബ്ബിലെത്തുമെന്നാണ് നിരൂപകര്‍ പറയുന്നത്. ആര്‍ജെ ഷാന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും പ്രധാന വേഷത്തിലെത്തിയിരുന്നു. അച്ഛനും മകനും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.
ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.