റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ന്ന് വീഴുന്നു! പുതിയ റിലീസുകൾക്കിടയിലും പാപ്പനെ കൈവിടാതെ പ്രേക്ഷകര്‍; കളക്ഷൻ 50 കോടിയിലേക്ക്..
ജൂലായ് 29ന് തിയേറ്ററില്‍ എത്തിയ പാപ്പന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 11 ദിവസം തികച്ചത്. കേരള ബോക്സ് ഓഫീസില്‍ നിന്നു മാത്രം പാപ്പന് ഈ ദിവസം നേടിയത് 60 ലക്ഷം ആണെന്നാണ് ഔദ്യോഗികമായി പുറത്തെത്തിയ കണക്ക്. അതേസമയം കേരളം ഒഴികെയുള്ള സ്വദേശ, വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം ഒരു ആഴ്ച പിന്നിട്ടപ്പോഴാണ് റിലീസ് ചെയ്തെങ്കിലും, അവിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പത്ത് ദിനങ്ങളിലെ ചിത്രത്തിന്റെ ആഗോള ഗ്രോസ് 31.43 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായ ഈ ചിത്രം ഇപ്പോള്‍ ഇരുപത്തിയഞ്ചു കോടിയുടെ ആഗോള ഗ്രോസ് മാര്‍ക്കിലേക്കാണ് കുതിക്കുന്നതെന്നാണ് സൂചന. ചിത്രം ഇപ്പോഴും ആഗോള തലത്തില്‍ അറുനൂറില്‍ കൂടുതല്‍ സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗള്‍ഫില്‍ 108 ലൊക്കേഷനില്‍ വമ്പന്‍ റിലീസായാണ് ഈ ചിത്രമെത്തിയത്.
അതേസമയം, മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളുടെ നിരയില്‍ ഇടംപിടിച്ചിരിക്കുകയാണ് സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്. തിയേറ്ററില്‍ എത്തിയ ദിവസം കേരളത്തില്‍ നിന്ന് പാപ്പന് നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച ചിത്രം 3.87 കോടിയും ഞായറാഴ്ച ചിത്രം 4.53 കോടിയും തിങ്കളാഴ്ച ചിത്രം 1.72 കോടിയും നേടിയിരുന്നു. ആദ്യ ഒരാഴ്ച കേരളത്തില്‍ നിന്നു നേടിയ കളക്ഷന്‍ 17.85 കോടി ആയിരുന്നു.
ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. എബ്രഹാം മാത്യു മാത്തന് എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന്, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.