301 സിനിമകള്‍ക്കൊപ്പം ഓസ്‌കാര്‍ അവാര്‍ഡിന് വേണ്ടി മത്സരിക്കാന്‍ കശ്മീര്‍ ഫയല്‍സ്, കാന്താര ഉള്‍പ്പടെ 5 ഇന്ത്യന്‍ സിനിമകള്‍!
ഇന്ത്യയില്‍ സിനിമയ്ക്ക് അഭിമാനമായി 95ാംമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സിനിമകള്‍. ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടിയ ആ അഞ്ച് സിനിമകള്‍. 301 സിനിമകള്‍ക്കൊപ്പം ആണ് ഓസ്‌കറിനായി ഈ ഇന്ത്യന്‍ സിനിമകള്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച സിനിമയായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായി എത്തിയ ചിത്രമായിരുന്നു കാന്താര. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, എന്നീ ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസിലും നല്ല കാഴ്ചവെച്ചിരുന്നു.
അതുപോലെ, ഓസ്‌കര്‍ അവാര്‍ഡ് ലിസ്റ്റില്‍ ഇടംനേടിയ മറ്റൊരു ചിത്രമാണ്
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ് കശ്മീര്‍ ഫയല്‍സ്. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ദ് കശ്മീര്‍ ഫയല്‍സ്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.
മറ്റൊരു ചിത്രം ആലിയ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗംഗുഭായ് കത്തിയവാഡിയാണ്. 2022 ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. ‘പദ്മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.
അതുപോലെ അവാര്‍ഡ് ലിസ്റ്റില്‍ ഉള്ള മറ്റൊരു ചിത്രമാണ് ആര്‍ആര്‍ആര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ഇത്. ചിത്രത്തെ ‘നാട്ടു നാട്ടു’ എന്ന ഹിറ്റ് ഗാനം മികച്ച ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിക്കുള്ള ഓസ്‌കര്‍ അവാര്‍ഡിനുള്ള പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം അടുത്തിടെ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ് അടക്കം കരസ്ഥമാക്കിയിരുന്നു.
അതേസമയം, ‘ഛെല്ലോ ഷോ’ ആണ് ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി എത്തുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള ചുരുക്കപട്ടികയിലാണ് അവസാന പതിനഞ്ചില്‍ ചിത്രം ഇടംനേടിയത്. പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’. ഭാവിന്‍ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെന്‍ രാവല്‍, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.