ഈ പ്രണയം ത്രില്ലടിപ്പിക്കും, ഒപ്പം പൊട്ടിച്ചിരിപ്പിക്കും! ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിവ്യൂ വായിക്കാം
1 min read

ഈ പ്രണയം ത്രില്ലടിപ്പിക്കും, ഒപ്പം പൊട്ടിച്ചിരിപ്പിക്കും! ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിവ്യൂ വായിക്കാം

സൂപ്പർ ഹിറ്റ് ചിരിപടങ്ങളൊരുക്കി ശ്രദ്ധേയരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ ഉണർന്നത് നോൺസ്റ്റോപ്പ് പൊട്ടിച്ചിരി. കൊച്ചി പശ്ചാത്തലമാക്കി റൊമാന്‍റിക് ആക്ഷൻ കോമഡി ചിത്രമായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’. റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയേയും, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറയേയും, അവരിൽ ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകളേയും, അവർ അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെടുന്ന പ്രശ്നങ്ങളേയും, ഇതിനിടയിൽ പെട്ടുപോകുന്ന ചില പോലീസുകാരുടെ പ്രശ്നങ്ങളേയുമൊക്കെ തുറന്ന് കാണിച്ചിരിക്കുകയാണ്.

കൊച്ചിയിൽ IELTS പഠനം കഴിഞ്ഞ് യുകെയിലേക്ക് പറക്കാൻ ആഗ്രഹിച്ചിരുന്നവരാണ് ഹൈബി എന്ന യുവാവും ജാനകി എന്ന യുവതിയും. പഠനകാലത്ത് ഇവർ തമ്മിൽ പ്രണയത്തിലാവുന്നു. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഇവർ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ വലയത്തിൽ പെടുകയാണ്. ഇവർക്ക് പുറകെ എസ്.ഐ ആനന്ദ് ദാസ് എന്ന പോലീസുകാരനുമുണ്ട്. ഇവർ അകപ്പെടുന്ന രസകരവും ഒപ്പം ത്രില്ലടിപ്പിക്കുന്നതുമായ സംഭവങ്ങളും അതോടൊപ്പം ഒട്ടേറെ മറ്റ് കഥാപാത്രങ്ങളുമായി ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മുന്നോട്ടുപോകുന്നൊരു കൊച്ചു ചിത്രമാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’.

റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിൽ ഹൈബിയായി എത്തിയിരിക്കുന്നത്. നായക വേഷത്തിലുള്ള തന്‍റെ ആദ്യ ചിത്രം മുബിൻ ഗംഭീരമാക്കിയിട്ടുണ്ട്. ഹൈബി എന്ന ചെറുപ്പക്കാരന്‍റെ പ്രണയവും ആകുലതകളും പ്രശ്നങ്ങളുമൊക്കെ മുബിൻ നന്നായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഞാൻ പ്രകാശൻ, മകള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ ദേവിക സഞ്ജയ് തനിക്ക് ലഭിച്ച ആദ്യ നായിക വേഷം മനോഹരമാക്കിയിട്ടുണ്ട്. ജാനകിയായി ശ്രദ്ധേയ പ്രകടനമാണ് ദേവികയുടേത്. എസ്.ഐ ആനന്ദ് ദാസ് എന്ന രസകരമായ വേഷം അർജുൻ അശോകന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. രഹസ്യങ്ങള്‍ ചികഞ്ഞ് കണ്ടുപിടിക്കാൻ പ്രത്യേക ത്വരയുള്ള, സാഹസികമായ രീതിയിൽ കുറ്റവാളികളെ പിടികൂടാൻ തൽപരനായ, മാധ്യമശ്രദ്ധ ലഭിക്കാൻ കൊതിയുള്ള, കുറച്ച് സൈക്കോയായ പോലീസുകാരന്‍റെ വേഷം അർജുൻ ഏറെ കൗതുകം ജനിപ്പിക്കുന്നതാക്കിയിട്ടുണ്ട്.

ഒരേ സമയം ഒരു റൊമാന്‍റിക് കോമഡിയും എന്നാൽ അതോടൊപ്പം ഒരു ക്രൈം ഡ്രാമയുമായാണ് ചിത്രം മുന്നേറുന്നത്. ഷൈൻ ടോം ചാക്കോ, അശ്വത് ലാൽ, ജോണി ആന്‍റണി, ബൈജു, ശിവജിത്ത്, റാഫി, സാജു നവോദയ, മാളവിക, സമദ്, ജാഫർ ഇടുക്കി, സുധീർ കരമന, നേഹ സക്സേന തുടങ്ങി നിരവധി താരങ്ങള്‍ ശ്രദ്ധേയ വേഷങ്ങളിൽ ചിത്രത്തിലുണ്ട്. കൂടാതെ ഏവരിലും ചിരിപടർത്തുന്ന ഒരു രസികൻ ഗസ്റ്റ് റോളിൽ മുമ്പ് ഒട്ടേറെ സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള റിയാസ് ഖാനും ചിത്രത്തിൽ എത്തിയിട്ടുണ്ട്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഈശോ തുടങ്ങി ഓരോ സിനിമയിലും പുതുമയും വ്യത്യസ്തതയും കൊണ്ടുവരാറുള്ള നാദിര്‍ഷ ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. കൊച്ചിയുടെ ചുറ്റുവട്ടങ്ങളിൽ നടക്കുന്ന സംഭവങ്ങളെ മനോഹരമായി അദ്ദേഹം സ്ക്രീനിൽ കൊണ്ടുവന്നിട്ടുണ്ട്. അതോടൊപ്പം രണ്ടര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള റാഫിയുടെ കൈയ്യടക്കമുള്ള കഥയും തിരക്കഥയും സംഭാഷണവും ഏറെ മികവുറ്റതാണ്. ഷാജി കുമാറിന്‍റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും ഹിഷാം അബ്ദുൽ വഹാബിന്‍റെ സംഗീതവും ഏറെ മികവുറ്റതാണ്. ആകെ മൊത്തത്തിൽ ടെൻഷൻ ഫ്രീയായി റിലാക്സായിരുന്ന് കണ്ട് ചിരിച്ച് ത്രില്ലടിച്ച് ആസ്വദിക്കാവുന്ന ആക്ഷനും നർമ്മവും കുറ്റാന്വേഷണവുമൊക്കെ ഒന്നുചേർന്ന ചിത്രമാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന് നിസ്സംശയം പറയാം.