‘ഭീഷ്മ പര്‍വ്വത്തിലും ലൂസിഫറിലും ലഹരിമരുന്ന് ഉപയോഗമില്ലേ, ഇത് തനിക്കെതിരെയുള്ള മനഃപൂര്‍വ ആക്രമണം’ : ഒമര്‍ ലുലു
ഇര്‍ഷാദ് അലിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘നല്ല സമയം’ . സംവിധായകനും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കേസ് എടുത്തത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു.
ഇതിനു മുമ്പ മലയാളത്തില്‍ ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നുമാണ് സംവിധായകന്‍ ഒമര്‍ ലുലു പ്രതികരിച്ചത്. ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിക്കുന്നു.
‘ ഇതുവരെ തനിക്ക് എക്‌സൈസില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. വാര്‍ത്ത സത്യമാണോ എന്നും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തില്‍ നടക്കുന്ന കാഴ്ചയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂര്‍വമുള്ള ടാര്‍ഗറ്റ് പോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയില്‍ വിശ്വാസമുണ്ട്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്. ഇടുക്കി ഗോള്‍ഡ് എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത്”, എന്ന് ഒമര്‍ ലുലു പറയുന്നു.
വാര്‍ത്തയ്ക്ക് പിന്നാലെ ഒമര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ..’നല്ല സമയം യൂത്ത് എറ്റെടുത്തു സന്തോഷം. എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളെ’, എന്നായിരുന്നു ഒമര്‍ ലുലുവിന്റെ കുറിപ്പ്. ഡിസംബര്‍ 30നാണ് കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിനിമയ്ക്ക് എതിരെ കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. നീന മധു, നോറ ജോണ്‍, ഗായത്രി ശങ്കര്‍, നന്ദന മഹാദേവന്‍, സുവൈബത്തുല്‍ അസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, വിജീഷ്, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.