‘സ്ത്രീകളുടെ ജീവിതത്തിലെ റിയലിറ്റികള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ കണ്ടത് ആദ്യം’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ കുറിപ്പ്
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. നിരവധിപേരാണ് ചിത്രം കണ്ടതിന് ശേഷം മികച്ച അഭിപ്രായങ്ങല്‍ സോഷ്യല്‍ മീഡിയകളില്‍ കുറിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട പ്രേക്ഷകന് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് കണ്ടു. ജയ ജയ ജയ ഹേയ്ക് ശേഷം വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രം. ഷറഫുദ്ദീനും, ഭാവനയും, ആ പേരറിയാത്ത രണ്ടാമത്തെ നായികയും, അശോകനും എല്ലാരും നന്നായിരുന്നു. നാട്ടില്‍ അറിയാവുന്ന ഒരു ചേച്ചി ഉണ്ട്. 17 വര്‍ഷം നീണ്ടു നിന്ന ടോക്സിക് ദാമ്പത്യം ഉപേക്ഷിച്ച് ഡിവോഴ്സ് ആയി. 14 വയസ്സുള്ള ഒരു മകളുമുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ നാല്പത്തി ഒന്നാം വയസ്സിലെന്തോ രണ്ടാമത് ഒരു വിവാഹവും കഴിച്ചു. ഈ രണ്ടാമത്തെ വിവാഹം എന്ന ഒറ്റ കാരണം കൊണ്ട് സ്വന്തം കുടുംബത്തില്‍ നിന്നും പുറത്തായി. അച്ഛന്റെ കുടുംബക്കാര്‍ക്ക് നാണക്കേടായി പോലും. ഇതാണ് ഈ നാട്ടിലെ സ്ത്രീകളുടെ ജീവിതത്തിന്റെ റിയാലിറ്റി. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും സ്ത്രീകളുടെ ജീവിതം ഇന്നും തീരുമാനിക്കുന്നത് പുരുഷന്മാരാണ് എന്നതാണ് സത്യം. അവരുടെ ഇഷ്ടങ്ങളോ, സ്വപ്നങ്ങളോ, സന്തോഷങ്ങളോ ആരും നോക്കാറില്ല. വില കല്പിക്കാറില്ല.
മലയാള സിനിമയില്‍ പറയാറുള്ള സ്ത്രീകളുടെ കഥകളില്‍ ഒന്നുകില്‍ ഫെമിനിസം ഒക്കെ കുത്തി കയറ്റി, അങ്ങേയറ്റം അല്ലെങ്കില്‍ പുരുഷ മേധാവിത്വം കാണിക്കുന്ന ഇങ്ങേയറ്റം എന്നതായിരുന്നു ഇതുവരെ ഉണ്ടാരുന്ന അവസ്ഥ. ആദ്യമായാണ് സ്ത്രീകളുടെ ജീവിതത്തിലെ റിയലിറ്റികള്‍ ഇത്ര കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു സിനിമ കണ്ടത്.
അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.
NB : ആ മുകളില്‍ പറഞ്ഞ ചേച്ചിയും മകളും ഇപ്പൊ സന്തോഷത്തോടെ പുതിയ ഭര്‍ത്താവിന്റെ ഒപ്പം ദുബായിയില്‍ കഴിയുന്നുണ്ട്.