നിവിൻ പോളി ചിത്രം പണിപ്പുരയിൽ; നായികയെ തേടി അണിയറപ്രവർത്തകർ
1 min read

നിവിൻ പോളി ചിത്രം പണിപ്പുരയിൽ; നായികയെ തേടി അണിയറപ്രവർത്തകർ

ലയാളി ഫ്രം ഇന്ത്യ, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. മൊത്തത്തിൽ ട്രാക്ക് മാറ്റിയ താരത്തിന്റെ എല്ലാ ചിത്രങ്ങളും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമായ നിവിന്റെ കൂടുതൽ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

നിവിൻ പോളിയെ നായകനാക്കി ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിലേക്ക് നായികയെ തേടുന്ന കാസ്റ്റിങ് കോൾ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വെസ്‌റ്റേൺ, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ പ്രാഗത്ഭ്യമുള്ള, മാർഷ്യൽ ആർട്‌സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം.

ആ നായിക നിങ്ങളാണെങ്കിൽ, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോ താഴെ പറയുന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക: (fullpoweractorhunt@gmail.com) എന്നാണ് പോസ്റ്ററിൽ പറയുന്നത്. അതേസമയം വേറെയും ചിത്രങ്ങൾ നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

2011ൽ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. അതേ വർഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങൾ, ചാപ്‌റ്റേഴ്‌സ്, ടാ തടിയാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2013ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രം നിവിന്റെ കരിയറിലെ എക്കാലത്തെയും മിച്ച ചിത്രങ്ങളിലൊന്നാണ്. അതേ വർഷം തന്നെ 5 സുന്ദരികൾ,അരികിൽ ഒരാൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

2014ൽ നായകനായി എത്തിയ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളെല്ലാം നിവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. തട്ടത്തിൽ മറയത്ത്,ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഒരു വടക്കൻ സെൽഫി എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലെ നായകനും നിവിൻ ആയിരുന്നു. 2015ൽ നിവിൻ നായകനായി എത്തിയ പ്രേമം എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.