“മുസ്‌ലീംങ്ങളെല്ലാം കീടങ്ങളല്ല, ഇന്ത്യയിലെ പൗരന്മാരാണ്” : ട്വീറ്റുമായി നിയാസ് ഖാൻ; പ്രതിഷേധം കടുപ്പിച്ച് ബിജെപി

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യ ഒന്നാകെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് “ദി കശ്‍മീർ ഫയൽസ് “. സിനിമ റിലീസായ ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ” നിയാസ് ഖാൻ ” എന്ന വ്യക്തി രംഗത്തെത്തിയിരുന്നു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം സിനിമയ്ക്ക് നേരേ വിരൽ ചൂണ്ടിയത്.

സിനിമയ്ക്ക് നേരേ പ്രതിഷേധമറിയിച്ച് നിയാസ് ഖാൻ ട്വീറ്റ് ചെയ്‌തത്‌ ഇങ്ങനെ

‘കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിൽ ബ്രാഹ്‌മണരുടെ വേദന കാണിക്കുന്നു. അവരെ എല്ലാ ബഹുമാനത്തോടെയും കശ്മീരില്‍ സുരക്ഷിതമായി ജീവിക്കാന്‍ അനുവദിക്കണം. എന്നാല്‍, നിരവധി സംസ്ഥാനങ്ങളിലായി നിരവധി മുസ്‌ലീങ്ങളെ കൊന്നൊടുക്കിയതിനെ പറ്റിയും നിര്‍മാതാവ് ഒരു സിനിമ ചെയ്യണം.മുസ്‌ലീങ്ങളെല്ലാം കീടങ്ങളല്ല, മനുഷ്യരാണ്. രാജ്യത്തെ പൗരന്മാരാണ്”

കേവലം ഐ.എ. എസ് ഓഫീസർ മാത്രമല്ല നിയാസ് ഖാന്‍. അദ്ദേഹം കാലിക പ്രസക്തമായ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ പ്രകടമാക്കുന്ന നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. അതെസമയം നിയാസ് ഖാൻ്റെ ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. നിയാസ് ഖാന് നേരേ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും, ഇത്തരം ട്വീറ്റുകളിലൂടെ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപണം ഉന്നയിച്ചു. രാജ്യത്ത് ഒന്നാകെ കശ്‍മീർ ഫയൽസ് – നു നേരേ വലിയ രീതിയിലുള്ള വിമർശനങ്ങളും , പ്രതിഷേധങ്ങളും ശക്തമാകുന്ന സാഹചര്യത്തിലായിരുന്നു നിയാസ് ഖാൻ്റെ ഇത്തരത്തിലൊരു ട്വീറ്റ്.

സംവിധയകാൻ വിവേക് അഗ്‌നിഹോത്രിയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രമാണ് “ദി കശ്മീര്‍ഫയല്‍സ് “. പാകിസ്ഥാൻ ഭീകരുടെ അക്രമണത്താൽ കശ്മീരില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ഹിന്ദുവിശ്വാസികൾ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയുടെ കഥയാണ് ദി കശ്മീര്‍ ഫയല്‍സിൽ ചർച്ച ചെയ്യുന്നത്. എന്നാൽ സിനിമയിൽ പ്രകടമാക്കുന്നത് വർഗീയ ധ്രുവീകരണവും, വിദ്വേഷവുമാണെന്ന് ചൂണ്ടികാണിച്ച് നിരവധി പേർ ഇതിനോടകം തന്നെ സിനിമയെ വിമർശിക്കുകയാണ്. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ്  സിനിമയുടെ ചിത്രീകരണം എന്നാണ് പരക്കെയുള്ള ആക്ഷേപം.

Related Posts