ലെറ്റര്‍ബോക്സ്ഡ് അവതരിപ്പിച്ച 50 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടംനേടി മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം
ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചവയായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്സ്ഡ്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ 2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്‍ബോക്സ്ഡ്. ഏറ്റവും പുതിയ റേറ്റിംഗ് അനുസരിച്ച് മമ്മൂട്ടി നായകനായ മലയാള ചിത്രം നന്‍പകല്‍ നേരത്ത് മയക്കം അഞ്ചാം സ്ഥാനത്ത് ആണ്. ഈ നേട്ടം മലയാളികളെ സംബന്ധിച്ച് വലിയ സന്തോഷം നല്കുന്നവയാണ്.
നന്‍പകലിനൊപ്പം മറ്റ് രണ്ട് ചിത്രങ്ങളും ആദ്യ 50 ല്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ചിട്ടുണ്ട്. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തിലെത്തിയ ഹൊറര്‍ കോമഡി ഹിറ്റ് രോമാഞ്ചം, ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തിയ രോഹിത്ത് എം ജി കൃഷ്ണന് ചിത്രം ഇരട്ട എന്നിവയാണ് ലെറ്റര്‍ബോക്സ്ഡ് ടോപ്പ് റേറ്റഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍. ഇതില്‍ രോമാഞ്ചം 30-ാം സ്ഥാനത്തും ഇരട്ട 48-ാം സ്ഥാനത്തുമാണ്. തമിഴ് ചിത്രം ദാദ 40-ാം സ്ഥാനത്തുമുണ്ട്.
അതേസമയം, ലിജോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നന്‍പകല്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചപ്പള്‍ അത് പ്രേക്ഷകരെ തിയേറ്ററുകളില്‍ ആവേശം കൊള്ളിച്ചു.
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലും മികച്ച അഭിപ്രായമാണ് നേടിയത്. നേരത്തെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു നന്‍പകല്‍. പട്ടികയില്‍ ആദ്യ സ്ഥാനമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രം കൂടിയാണ് ഇത്.