ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ആദ്യ സ്ഥാനം നേടി’നന്‍പകല്‍ നേരത്ത് മയക്കം’; ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമ
പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷം ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്കം’. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം തിയേറ്റര്‍ റിലീസ് ആയി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചപ്പള്‍ അത് പ്രേക്ഷകരെ തിയേറ്ററുകളില്‍ ആവേശം കൊള്ളിച്ചു.
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലും മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് നന്‍പകല്‍. പട്ടികയില്‍ ആദ്യ സ്ഥാനമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രം കൂടിയാണ് ഇത്. ഫ്രഞ്ച് ചിത്രം ജുംബോ (Jumbo), എ ഹ്യൂമന്‍ പൊസിഷന്‍, Domestique, ദ ഷോ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
അതേസമയം, ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയേയും ലിജോയെയും പ്രശംസിച്ചു കൊണ്ട് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത രംഗത്ത് എത്തിയിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം ശരിക്കും ഞെട്ടിക്കുന്ന സിനിമയാണെന്നും, മമ്മൂട്ടി സാറിന്റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ചിത്രമാിതെന്നും അദ്ദേഹം കുറിച്ചു. രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്റെ സാക്ഷ്യമാണ് ഈ ചിത്രവും അതിലെ പ്രകടനവും, ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു.
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രത്യേകത. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ, സമീപകാല മലയാള സിനിമകളില്‍ ഒടിടി റിലീസിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്ന് നന്‍പകല്‍ നേരത്ത് മയക്കമാണ്.