‘ആടുമേച്ചു നടന്ന എന്നെ ഈ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് സച്ചി സാറാണ്’ നഞ്ചിയമ്മ ഹൃദയം കൊണ്ട് പറഞ്ഞ വാക്കുകള്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയിയലും മറ്റും കേള്‍ക്കുന്ന പേരാണ് നഞ്ചിയമ്മയുടേത്. സംഭവം മറ്റൊന്നുമല്ല, ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയെ തേടിയെത്തിയത് ദേശിയ പുരസ്കാരമാണ്. പുരസ്കാരം നഞ്ചിയമ്മക്ക് നല്‍കിയത് മലയാളികളടക്കമുള്ളവര്‍ ആഘോഷമാക്കിയിരുന്നു. ആ അമ്മയ്ക്ക് അര്‍ഹതപ്പെട്ട അവാര്‍ഡ് ആണെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ചിത്രത്തിന് 4 അവാര്‍ഡുകള്‍ കിട്ടിയപ്പോഴും അത് നേരില്‍ കാണാനുള്ള ഭാഗ്യം സംവിധായകന് സച്ചിക്ക് ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒരു വിങ്ങലാണ്.
മികച്ച സംവിധായകന് സച്ചി, സഹനടന്‍ ബിജു മേനോന്, ഗായിക നഞ്ചിയമ്മ, സംഘട്ടനം രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാര പട്ടികയില്‍ ഇടം നേടിയത്. സച്ചി എന്ന സംവിധായകന് അവാര്‍ഡ് ഏറ്റുവാങ്ങാനും അത് കാണാനും ജീവിച്ചിരിപ്പില്ലാത്തതാണ് ബിജു മേനോന് അടക്കമുള്ളവരുടെ വിഷമം. പുരസ്കാര സന്തോഷത്തേക്കാളേറെ സച്ചി എന്ന നല്ലൊരു സംവിധായകനെ നഷ്ടമായതിന്റെ സങ്കടമായിരുന്നു ബിജു മേനോന്.
അതുപോലെ, നഞ്ചിയമ്മയ്ക്കുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാന്‍….’ആടുമേച്ചു നടന്ന തന്നെയും, തന്റെ സംഗീതത്തെയും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് സംവിധായകന് സച്ചി സാറാണെന്നും, ഈ അവാര്‍ഡ് അദ്ദേഹത്തിന് സമര്‍പ്പിക്കുന്നുവെന്നുമാണ് നഞ്ചിയമ്മ പറഞ്ഞത്. സച്ചി എന്ന സംവിധായകന് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് നഞ്ചിയമ്മ എന്ന മികച്ച ഗായികയെയായിരുന്നു. സച്ചി അട്ടപ്പാടിയില്‍ താമസിച്ചും അവിടെയുള്ള ജനങ്ങളുമായി നേരില്‍ സംവദിച്ചും ഒരുക്കിയ തിരക്കഥയില്‍ ആ മണ്ണിന്റെ മണമുള്ള പാട്ട് വേണമെന്ന നിര്‍ബന്ധമാണ് നഞ്ചിയമ്മയെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് എത്തിച്ചത്. അങ്ങനെ നഞ്ചിയമ്മ സച്ചിക്കു പാടിക്കൊടുത്ത പാട്ടുകളില്‍ രണ്ടെണ്ണം സിനിമയുടെ ഭാഗമായി. ഒപ്പം നഞ്ചിയമ്മയും.