2024ൽ വിജയത്തിന്റെ ഭാഗമായ മലയാള സിനിമകൾ; ഇനി ഒടിടിയിൽ കാണാം
2024 മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട വർഷമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററിൽ എത്തിയത്. എന്നാൽ ചില നല്ല ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കാണാതിരിക്കുകയും ചെയ്തു. ഇതിനിടെ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ‘വർഷങ്ങൾക്ക് ശേഷം’ സിനിമ ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ്. ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സോണി ലിവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷത്തിന് പിന്നാലെ ജൂണിൽ രണ്ട് സിനിമകൾ കൂടി ഒ.ടി.ടിയിലെത്താൻ പോവുകയാണ്.
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം ‘നടികർ’ ജൂൺ 27ന് ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രത്തിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ടൊവിനോ വേഷമിട്ടത്. എന്നാൽ 40 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം വൻ ഫ്‌ളോപ്പ് ആയിരുന്നു. 5.39 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. നെറ്റ്ഫ്‌ളിക്‌സിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.
ബ്ലെസി-പൃഥ്വിരാജ് കോമ്പോയിൽ എത്തിയ, ഏറെ ആഘോഷിക്കപ്പെട്ട ചിത്രം ‘ആടുജീവിതം’ ഉടൻ ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ഈ മാസം തന്നെ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ റിലീസ് തീയതി ഔദ്യോഗികമായി ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിട്ടില്ല. 160 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയ കളക്ഷൻ.
നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി ഒരുക്കിയ ‘മലയാളി ഫ്രം ഇന്ത്യ’ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. ചിത്രം ഈ മാസം അവസാനത്തോടെ ഒ.ടി.ടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിലായ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. 18.37 കോടി രൂപയാണ് ചിത്രം തിയേറ്ററുകളിൽ നിന്നും നേടിയത്.