”ഡിപ്രഷൻ മരുന്ന് കഴിക്കുന്നൊരാൾ വിളിച്ച് എന്റെ പരിപാടി കാണുന്നത് ആശ്വാസമാണെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി”; മനസ് തുറന്ന് മുകേഷ്
മുകേഷിന്റെ തമാശകൾക്ക് ഒരു പ്രത്യേകതയുണ്ട്, നമ്മൾ ഏത് മോശം മാനസികാവസ്ഥയിൽ ആണെങ്കിലും അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ മനസിന് ആശ്വാസം ലഭിക്കും. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, കാക്കകുയിൽ തുടങ്ങിയ സിനിമകളെല്ലാം അതിന്റെ വലിയ ഉദാഹരണങ്ങളാണ്. സിനിമയ്ക്ക് പുറമേ തന്റെ യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.
മുകേഷ് സ്പീക്കിങ് എന്ന ചാനലിൽ എല്ലാ വ്യാഴാഴ്ചയും താരം തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ അധിക കാലവും തന്റെ പഴയകാല സിനിമാനുഭവങ്ങളാണ് മുകേഷ് പങ്കുവയ്ക്കാറുള്ളത്. സരസവും ശാന്തവുമായ അവതരണരീതിയും ചിരിക്കാൻ ഒരുപാടുള്ള കണ്ടന്റുമാണ് ഈ പരിപാടിയുടെ അന്തസത്ത.
തന്റെ ജീവിതത്തിലെ തമാശകളും സന്തോഷങ്ങളും പങ്കുവയ്ക്കുന്ന ഈ പരിപാടി കണ്ട് തന്നെ ഒരാൾ വിളിച്ച അനുഭവം പങ്കുയ്ക്കുകയാണ് മുകേഷ് ഇപ്പോൾ. ഡിപ്രഷനിൽ ഉള്ള ഒരാൾ വിളിച്ച് തന്റെ പരിപാടി കാണുമ്പോൾ നല്ല സമാധാനമുണ്ടെന്ന് പറഞ്ഞെന്നാണ് മുകേഷ് പങ്കുവെച്ചത്. ഇത് നമ്മൾ അറിയാതെ കിട്ടുന്ന അനുഗ്രവും അഭിനന്ദനുമാണെന്നും അദ്ദേഹം പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മുകേഷ്.
എല്ലാ വ്യാഴാഴ്ചയും മുകേഷ് സ്പീക്കിങ് എന്ന പരിപാടി ഞാൻ അവതരിപ്പിക്കുന്നുണ്ട്. അരമണിക്കൂറുള്ള പരിപാടി യൂട്യൂബിലാണ് ചെയ്യാറുള്ളത്. പണ്ടത്തെ കാര്യങ്ങളൊക്കെ ചിലപ്പോൾ മറന്ന് പോകില്ലേ, അപ്പോൾ ചുമ്മാ ഒരു ഡോക്യുമെന്റേഷൻ എന്ന നിലയിൽ നേരത്തെ നടന്ന സംഭവങ്ങളും കൗതുകങ്ങളുമെല്ലാം ഇങ്ങനെ സംസാരിക്കുന്നതാണ് ഈ പരിപാടി- മുകേഷ് വ്യക്തമാക്കി.