പാടിപ്പാടി മലയാളികളെ പാട്ടിലാക്കിയ മോഹൻലാൽ! മില്യൺ വ്യൂസുമായി മുന്നേറി ‘വാലിബനി’ലെ ‘റാക്ക്’ ഗാനം
1 min read

പാടിപ്പാടി മലയാളികളെ പാട്ടിലാക്കിയ മോഹൻലാൽ! മില്യൺ വ്യൂസുമായി മുന്നേറി ‘വാലിബനി’ലെ ‘റാക്ക്’ ഗാനം

മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടറാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല ആലാപനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് അദ്ദേഹം. 2024-ൽ സംവിധായകനായും അരങ്ങേറ്റം നടത്താനിരിക്കുകയാണ് അദ്ദേഹം. നിരവധി ചിത്രങ്ങൾക്കു വേണ്ടി ഇതിനകം അദ്ദേഹം പിന്നണി പാടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മലൈക്കോട്ട വാലിബനിലെ റാക്ക് ഗാനമാണ് അദ്ദേഹത്തിന്‍റെ ശബ്‍ദത്തിൽ പുറത്തിറങ്ങിയത്. ഇതിനകം മില്യൺ വ്യൂസും കടന്ന് കുതിക്കുകയാണ് ഗാനം.

സിനിമകളിൽ പാടിയ പാട്ടുകളുടെ എണ്ണത്തിൽ അർധസെ‍ഞ്ച്വറി തികച്ചു കഴിഞ്ഞിട്ടുണ്ട് ഇതിനകം അദ്ദേഹം. 1985 ൽ ‌പുറത്തിറങ്ങിയ ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തില്‍ മോഹൻലാലും മാള അരവിന്ദനും ചേർന്നു പാടിയ ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന ഗാനം ഇന്നും ഹിറ്റ്ചാർട്ടിലുണ്ട്. എൺപതുകളിൽ പടയണി, പാദമുദ്ര, ചിത്രം എന്നീ സിനിമകൾക്കു വേണ്ടിയും മോഹൻലാൽ പിന്നണി പാടി. സംഗീത ലോകത്തെ ശ്രദ്ധേയരായ രവീന്ദ്രൻ മാസ്റ്റർ, വിദ്യാധരൻ മാസ്റ്റർ, കണ്ണൂർ രാജൻ തുടങ്ങിയ സംഗീതസംവിധായകരുടെ ഈണത്തിനൊപ്പമായിരുന്നു ആലാപനം എന്നതും പ്രത്യേകതയാണ്.

വേണു നാഗവള്ളി സംവിധാനം ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ ‘എ ഈ ഐ ഒ യു’ എന്ന ഗാനം മോഹൻ ലാലിന്‍റെ ഏറെ ശ്രദ്ധ നേടിയ ഗാനമാണ.് വിഷ്ണുലോകം, ഗാന്ധർവ്വം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയും പാടിയിട്ടുണ്ട്. കെ.എസ്.ചിത്ര, സുജാത മോഹന്‍ തുടങ്ങി മുൻനിര ഗായകർക്കൊപ്പവും ലാൽ പാടിയിട്ടുണ്ട്. സ്ഫടികത്തിലെ ഏഴിമല പൂഞ്ചോലയിലും ഒളിംപ്യൻ അന്തോണി ആദം, കണ്ണെഴുതി പൊട്ടും തൊട്ട്, ഉസ്താദ്, ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാൽ പിന്നണിയിൽ സാന്നിധ്യമറിയിച്ചു. ഭ്രമരത്തിൽ അനിൽ പനച്ചൂരാന്‍റെ വരികൾക്ക് മോഹൻ സിത്താര സംഗീതം പകർന്ന ‘അണ്ണാറക്കണ്ണാ വാ’ എന്ന ഗാനം മലയാളചലച്ചിത്ര ഗാനശാഖയിലെ ഹിറ്റുകളുടെ പട്ടികയിലുള്ള ഗാനമാണ്. ‘ഒരുനാൾ വരും’ എന്ന ചിത്രത്തിൽ റിമി ടോമിക്കൊപ്പം ‘നാത്തൂനേ നാത്തൂനേ…’ എന്ന ഗാനം ഫാസ്റ്റ് നമ്പറാണ്.

റൺ ബേബി റണ്‍, പ്രണയം, നീരാളി, ഡ്രാമ, ഒടിയൻ തുടങ്ങിയവ. അവയിൽ പിന്നണിയിലും സ്വരം ചേർത്തുവച്ചു മലയാളത്തിന്‍റെ മോഹൻലാൽ. ‘ആറ്റു മണൽ പായയിൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിൽ വൈക്കം വിജയലക്ഷ്മിക്കൊപ്പം പാടിയ ‘കണ്ടോ കണ്ടോ’ എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ഷൈൻ നിഗം നായകനായെത്തിയ ബർമുഡയ്ക്കു വേണ്ടിയും അടുത്തിടെ പാടുകയുണ്ടായി. ഏറ്റവും ഒടുവിൽ മലൈക്കോട്ട വാലിബനിൽ പാടിയ റാക്ക് ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ നമ്പർ വൺ ആണിപ്പോള്‍.