“ദേവദൂതനും മണിച്ചിത്രത്താഴും കഴിഞ്ഞു, ഇനി ഈ 3 സിനിമകൾ റീമാസ്റ്റർ ചെയ്ത് കാണാനാണ് എനിക്കാഗ്രഹം ” ; മോഹൻലാൽ
1 min read

“ദേവദൂതനും മണിച്ചിത്രത്താഴും കഴിഞ്ഞു, ഇനി ഈ 3 സിനിമകൾ റീമാസ്റ്റർ ചെയ്ത് കാണാനാണ് എനിക്കാഗ്രഹം ” ; മോഹൻലാൽ

പഴയ സിനിമകളുടെ നെഗറ്റീവുകൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച് നടൻ മോഹൻലാൽ. ഇന്നത്തെ സിനിമകൾ നാളത്തെ പൈതൃകങ്ങളാണ്. സിനിമയുടെ നെഗറ്റീവുകൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. വാനപ്രസ്ഥം, വാസ്തുഹാര, കാലാപാനി എന്നീ മൂന്ന് സിനിമകൾ തനിക്ക് റീമാസ്റ്റർ ചെയ്തു കാണാൻ ആഗ്രഹമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് ഷോപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

‘ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ തിരുവനന്തപുരത്ത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് ഷോപ്പ് നടത്തുകയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് അതീവ സന്തോഷമാണുണ്ടായത്. വളരെക്കാലമായി കേരളത്തിലെ സിനിമാ പൈതൃകത്തെ നമ്മൾ അവഗണിച്ചു. തൽഫലമായി, നമ്മുടെ അസാമാന്യമായ നിരവധി സിനിമകൾ നമുക്ക് നഷ്ടമായി. ഞാൻ അഭിനയിച്ച സിനിമകളുടെ നെഗറ്റീവും പ്രിന്റുകൾ പോലും ഇപ്പോൾ അന്വേഷിച്ചാൽ ലഭ്യമല്ല. ഇത്തരത്തിലുള്ള ഒരു വർക് ഷോപ്പുകൾ യഥാർത്ഥത്തിൽ നമ്മുടെ സിനിമകൾ സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും സഹായിക്കും’.

’50 വർഷത്തോളമായി ഞാൻ സിനിമയിൽ വന്നിട്ട്. 370 സിനിമകളോളം അഭിനയിച്ചു. അതിൽ ഇരുപത് വർഷം മുൻപ് വരെയുള്ള പല സിനിമകളും ഫിലിമിലാണ് ചിത്രീകരിച്ചത്. സിനിമയുടെ നെഗറ്റീവുകൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഇല്ലെങ്കിൽ കാലം കഴിയും തോറും അവ നശിച്ചു പോകും’, മോഹൻലാൽ പറഞ്ഞു.

വാസ്തുഹാരയുടെ 2K റീമാസ്റ്റർ പതിപ്പ് കേരളത്തിലെ 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. നവംബർ 7 മുതൽ 14 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് ഷോപ്പ് നടക്കുന്നത്. ഏഴ് ദിവസത്തെ വർക് ഷോപ്പിൽ ഫിലിം റിസ്റ്റോറേഷൻ, ഡിസാസ്റ്റർ റിക്കവറി എന്നിവയുൾപ്പെടെ ഓഡിയോ-വിഷ്വൽ സംരക്ഷണത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സെഷനുകളും ഉണ്ടാകും. കൂടാതെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും പങ്കെടുക്കും.