മോഹന്‍ലാല്‍ ചിത്രം “എമ്പുരാന്” ഓഗസ്റ്റില്‍ ആരംഭം ; ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനെന്ന് റിപ്പോര്‍ട്ട്
പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്ഡേറ്റുകള്ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
എമ്പുരാന് ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആറുമാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അവസാനിച്ചെന്നും വിവരമുണ്ട്. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍. ലൂസിഫറിലേത് പോലെ മഞ്ജു വാരിയര്‍, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. ലൂസിഫറിന്റെ ക്ളൈമാക്സിനുമപ്പുറം പ്രേക്ഷകരെ ഹരം കൊള്ളിച്ച മരണമാസ്സ് എന്‍ട്രി ആയിരുന്നു ഖുറേഷി അബ്രഹാം ആയുള്ള മോഹന്‍ലാലിന്റെ വരവ്. ഈ കഥാപാത്രത്തിലാകും മോഹന്‍ലാല്‍ രണ്ടാം ഭാഗത്തില്‍ എത്തുക എന്നാണ് വിവരം.
ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണ്. മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോള്‍ ആസ്വദിക്കാനായാല്‍ സന്തോഷമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും എമ്പുരാന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപന വേളയില്‍ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. അതേസമയം, എമ്പുരാന് നിര്‍മ്മിക്കുന്നതിനായി ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.