ഗോവ രാജ്ഭവനിൽ ഗവർണർ പി.എസ്. ശ്രീധരന്‍പിള്ളയുടെ അതിഥിയായി മോഹൻലാൽ! ഗംഭീര വരവേൽപ്പ്
ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ കാണാണാനെത്തി മോഹൻലാൽ. ഇന്നലെ രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും, സജി സോമനും കൂടെയുണ്ടായിരുന്നു. ശ്രീധരൻപിള്ളയെ സന്ദർശിച്ച് മടങ്ങുമ്പോൾ പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിങ്ങും സമ്മാനിച്ചു.
“ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായിയെത്തി. ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു”, എന്നാണ് ഇരുവർക്കുമൊപ്പമുള്ള ഒത്തുച്ചേരലിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് പി. എസ് ശ്രീധരന്‍പിള്ള കുറിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോഹൻലാലും പങ്കുവെച്ചിട്ടുണ്ട്. ”ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ.പി.എസ്.ശ്രീധരൻ പിള്ളയെ ഇന്ന് രാജ്ഭവനിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സർ, നിങ്ങളുടെ ആതിഥ്യത്തിന് വളരെയേറെ നന്ദി”- എന്നാണ് മോഹൻലാൽ പങ്കുവെച്ചത്.
മോഹൻലാൽ സംവിധായകൻ്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രം ബറോസിൻ്റെ ചിത്രീകരണം ഗോവയിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2019 – ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് – 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമിക്കാനൊരുങ്ങിയത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ബറോസും ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷമാണ് റാഫേല്‍ കൈകാര്യം ചെയ്യുക. ഭാര്യയുടെ വേഷമാണ് പാസ് വേഗയ്ക്ക്. സെക്സ് ആൻഡ് ലൂസിയ, ഓള് റോഡ്സ് ലീഡ്സ് ടു ഹെവന്‍, എന്നീ ചിത്രങ്ങളിലൂടെ അറിയപ്പെട്ട നടിയാണ് പാസ് വേഗ. വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ അടുത്ത ചിത്രമാണ് ബറോസ്.