പാൻ ഇന്ത്യൻ ചിത്രം “വൃഷഭ” രണ്ടാം ഷെഡ്യൂൾ മുംബൈയിൽ
1 min read

പാൻ ഇന്ത്യൻ ചിത്രം “വൃഷഭ” രണ്ടാം ഷെഡ്യൂൾ മുംബൈയിൽ

മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’ . തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാചിത്രത്തിന്റെ നിർമാണം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്യുന്ന ചിത്രം അടുത്തവർഷം രാജ്യമൊട്ടാകെ റിലീസ് ചെയ്യും. ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ കാര്യം നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വൃഷഭയുടെ രണ്ടാം ഷെഡ്യൂളിനായി താരം മുംബൈയിലേക്ക് പോയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് വൃഷഭയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസും മോഹൻലാലിന്റെ വൃഷഭയുടെ നിര്‍മാണത്തില്‍ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ക്കൊപ്പം ചേരുമ്പോള്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവരാണ് നിര്‍മാണം. മൈസൂരാണ് വൃഷഭയുടെ മറ്റൊരു ലോക്കേഷൻ. എന്തായാലും മോഹൻലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭയും. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ.

അതേസമയം, ജയിലര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രജനികാന്ത് നായകനായ ചിത്രത്തില്‍ മാത്യു എന്ന കാമിയോ റോളില്‍ എത്തിയ മോഹന്‍ലാലിന് വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു സംവിധാനം. വിനായകനും ശിവരാജ് കുമാറും ജയിലറില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

മോഹൻലാല്‍ നായകനാകുന്ന നേര് എന്ന ചിത്രീകരണം അടുത്തിടെ തിരുവനന്തപുരത്ത് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധായകൻ ജീത്തു ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടാഗ്‍ലൈൻ നീതി തേടുന്നു എന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമുമാണ്. മോഹൻലാലിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം മലൈക്കോട്ടൈ വാലിബനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രം എന്നതിനാല്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.