മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ; ക്ലോസ്ഡ് ലൊക്കേഷനില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം
മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത്വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച് തന്നെയാണ്. മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള് ഏറ്റെടുക്കുന്നത്.
ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. നാടന്‍ ഗുണ്ടയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2023ലായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.
വ്യത്യസ്ത പ്രമേയമായിരിക്കും ലിജോ ജോസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. അത്കൊണ്ട് തന്നെ ക്ലോസ്ഡ് ലൊക്കേഷനില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം എന്നും നിര്‍മാണവേളയിലെ രംഗങ്ങള്‍ ഒന്നും തന്നെ പുറത്ത് വിടില്ല എന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലിജോ ജോസിന്റെ മുന്‍ ചിത്രങ്ങളുടെ നിര്‍മാണ ഘട്ടങ്ങളിലെല്ലാം ഇത്തരത്തില്‍ ഒരു സാഹചര്യമായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിത്രം ഒരു സര്‍പ്രൈസായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണിത്.
‘മോണ്‍സ്റ്റര്‍’, ‘എലോണ്‍, ‘റാം’, എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ‘പുലിമുരുകനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോണ്‍സ്റ്റര്‍’ ഒക്ടോബറിലായിരിക്കും റിലീസ്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് ‘മോണ്‍സ്റ്ററി’ന്റെ തിരക്കഥാകൃത്തും. ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ‘റാമി’ലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.