കരണ്‍ ജോഹറുമായി കൂടിക്കാഴ്ച്ച നടത്തി മോഹന്‍ലാല്‍ ; ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രജനീകാന്ത് ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തുകയും മോഹന്‍ലാലിന്റെ കൂടെ നിന്നുള്ള ചിത്രവും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഒരു ബോളിവുഡ് സെലിബ്രിറ്റിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനൊപ്പമുള്ള തന്റെ ചിത്രം മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കരണിനൊപ്പമുള്ള സമയം നന്നായി ചെലവഴിച്ചെന്നാണ് ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഒരു വിമാനത്തിനുള്ളില്‍ നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മലൈക്കോട്ടൈ വാലിബനൊപ്പം ജയിലര്‍ ചിത്രത്തിലെ അതിഥിവേഷവും മോഹന്‍ലാലിന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. രജനികാന്തിനെ ടൈറ്റില്‍ കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറിലാണ് മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുന്നത്. ജയിലറിന്റെ ചിത്രീകരണവും നിലവില്‍ ജയ്‌സാല്‍മീറിലാണ് പുരോഗമിക്കുന്നത്.
അതേസമയം മലൈക്കോട്ടൈ വാലിബനില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് അണിയറക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ഹരിപ്രശാന്ത് വര്‍മ്മ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ചിത്രീകരണമുണ്ടാകും. സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കം രാജസ്ഥാനിലാണ്. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന്‍ ഷെഡ്യൂള്‍ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ 10-15 കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വ്വഹിക്കുക.