ഹോളിവുഡ് താരമായി മോഹൻലാൽ ..!! പ്രേക്ഷകരെ ഞെട്ടിച്ച് എഐ ചിത്രങ്ങൾ
1 min read

ഹോളിവുഡ് താരമായി മോഹൻലാൽ ..!! പ്രേക്ഷകരെ ഞെട്ടിച്ച് എഐ ചിത്രങ്ങൾ

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിൻ്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്.

എ.ഐ സാങ്കേതിക വിദ്യയുടെ കരുത്തിൽ മലയാളി നടൻമാരെ ഹോളിവുഡിലെത്തിക്കുന്ന പോസ്റ്ററുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ മലയാളികളുടെ സ്വന്തം മോഹൻലാൽ ഹോളിവുഡ് ക്ലാസിക്ക് സിനിമകളിൽ നായകനായെത്തുന്ന എ.ഐ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗോഡ്ഫാദർ, റോക്കി, ടൈറ്റാനിക്ക്, ടോപ് ഗൺ, ഇന്ത്യാന ജോൺസ്, മാട്രിക്സ്, സ്റ്റാർ വാർസ്, ജെയിംസ് ബോണ്ട് തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങൾക്കാണ് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിന്റേജ് ലാലേട്ടന്റെ മുഖം നൽകിയിരിക്കുന്നത്. എഐ.മാജിൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത്.

ഇൻസ്റ്റിയിൽ വൈറലായ വീഡിയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചെങ്കിൽ എന്നാണ് ഒരാൾ ഇതിന് നൽകിയ ക്യാപ്ഷൻ. ഇതിന്റെ ക്രിയേറ്ററെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും വെറും സാങ്കേതിക വിദ്യകൊണ്ട് മാത്രം ഇത് സാധ്യമികില്ലെന്നുമെല്ലാം കമന്റുകളുണ്ട്. ലാലേട്ടന്റെ ഗെറ്റപ്പുകളിൽ ഏറ്റവും മികച്ചത് ഏതാണ് എന്ന ചർച്ചകളും സജീവമാണ്.