”ആരുമായാണ് ആക്ഷന്‍ എന്നത് മോണ്‍സ്റ്റര്‍ സിനിമ കണ്ടാലേ അറിയൂ”; ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് മോഹന്‍ലാല്‍
100 കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന് എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ എത്തുന്ന മോണ്‍സ്റ്റര്‍ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ മോണ്‍സ്റ്ററിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് പറയുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണെന്നും ഏറെ വ്യത്യസ്തമായാണ് അത് ചെയ്തിരിക്കുന്നതെന്നും ആസ്വാദകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.
മോണ്‍സ്റ്ററില്‍ ആക്ഷന്‍ ഉണ്ടെന്ന് ആരാണ് പറഞ്ഞതെന്നാണ് എനിക്ക് അറിയേണ്ടത്. ഈ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും നമ്മള് ഇതുവരെ പുറത്തു കാണിച്ചിട്ടില്ല. ട്രെയ്ലറിലൊക്കെ വളരെ കുറച്ചേ കാണിച്ചിട്ടുള്ളൂ. വളരെ കാലത്തിനു ശേഷം ആക്ഷന്‍ വളരെയധികം പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു സിനിമയാണ് ഇത്. അത് ആ സിനിമ കാണുമ്പോഴേ അറിയൂ. ആരുമായിട്ടാണ് ആക്ഷന്‍, അല്ലെങ്കില്‍ എന്താണ് ആക്ഷന്‍ എന്ന് പറയുന്നത് വളരെ വ്യത്യസ്തമാണ്. ഉപയോഗിച്ചിരിക്കുന്ന സ്റ്റൈലും രീതികളും എതിരാളികളുമൊക്കെ വളരെ വ്യത്യസ്തമായിട്ടാണ് ഈ സിനിമയില്‍. വളരെയധികം സമയമെടുത്താണ് ചെയ്തതെന്നും മോഹന്‍ലാല്‍ വീഡിയോയിലൂടെ പറയുന്നു.
“നല്ലൊരു കൊറിയോഗ്രഫിയിലൂടെയാണ് ആക്ഷന്‍ ചെയ്തത്. കാരണം സാധാരണ ഒരു സിനിമയിലെ ഫൈറ്റ് പോലെയല്ല. വളരെ സൂക്ഷിച്ച് ചെയ്യേണ്ട ഫൈറ്റ് ആണ്. രണ്ട് ഫൈറ്റ് ആണ് ഈ സിനിമയില്‍ ഉള്ളത്. അത് പറഞ്ഞേക്കാം. ആ രണ്ട് ഫൈറ്റും വളരെ വ്യത്യസ്തമാണ്. സാധാരണ സിനിമയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ഫൈറ്റുകള്‍ തന്നെയായിരിക്കും ഈ സിനിമയില്‍” മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
വൈശാഖ് – ഉദയ് കൃഷ്ണ – മോഹന്‍ലാല്‍ ഈ കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകം. പൂര്‍ണ്ണമായും ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മോണ്‍സ്റ്റര്‍ ഒരുങ്ങുന്നത്. നിരവധി സസ്പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുയരും എന്നുതന്നെയാണ് ആരാധകരുടേയും പ്രതീക്ഷ. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റെണി, കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്, ഹണി റോസ്, ലഷ്മി മഞ്ജു, സാസ്വികാ, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.