” ‘മോനേ… കാണാം’ അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയല്‍ വാക്യം’ ! ജയനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് നടന് മോഹന്‍ലാല്‍
മലയാള സിനിമയിലെ മികച്ച താരങ്ങളിലൊരാളായിരുന്നു ജയന്. അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓര്‍മ്മ വരുന്നത് ആക്ഷന്‍ രംഗങ്ങളാണ്. നെഞ്ച് വിരിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ ആ വരവ് ഇന്നും മലയാളികള്‍ മറക്കാതെ ഓര്‍ത്തിരിക്കുന്നുണ്ട്. അദ്ദേഹം തന്റെ കരിയറിന്റെ സുവര്‍ണ കാലഘട്ടത്തില്‍ നില്‍ക്കവെയാണ് അപ്രതീക്ഷിത വിയോഗം. 1980 ല്‍ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ജയന് മരണപ്പെടുകയായിരുന്നു.
ഇപ്പോഴിതാ, ജയനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന് മോഹന്‍ലാല്‍. സഞ്ചാരി എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ജയനോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയില്‍ പ്രേംനസീറും ജയനുമായിരുന്നു നായകന്മാര്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സഞ്ചാരി എന്ന ആ ഒരു ചിത്രത്തില്‍ മാത്രമേ മോഹന്‍ലാലിന് ജയനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചിരുന്നുള്ളു.
‘മഞ്ഞില്‍വിരിഞ്ഞ പൂക്കളി’ല്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ ജയന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നെന്ന് പറയുകയാണ് മോഹന്‍ലാല്‍. പുതുമുഖമെന്ന നിലയില്‍ വലിയ ഭാഗ്യങ്ങള്‍ എനിക്കു നേടിത്തന്ന ചിത്രമായിരുന്നു ‘മഞ്ഞില്‍വിരിഞ്ഞ പൂക്കളി’നുശേഷം ഞാന്‍ അഭിനയിച്ച ‘സഞ്ചാരി’.
ജയനും പ്രേംനസീറുമായിരുന്നു ആ ചിത്രത്തിലെ നായകന്മാര്. തിക്കുറിശ്ശി, കെ.പി. ഉമ്മര്‍, എസ്.പി. പിള്ള, ആലുംമൂടന്‍, ഗോവിന്ദന്‍കുട്ടി, ജി.കെ. പിള്ള തുടങ്ങി അക്കാലത്തെ പ്രഗത്ഭരായ മിക്ക താരങ്ങളും ആ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതില്‍ പ്രധാന വില്ലന്‍ വേഷം തനിക്കായിരുന്നു.
താന്‍ ആദ്യമായി ജയനെ പരിചയപ്പെടുന്നത് ഉദയാ സ്റ്റുഡിയോയിലെ ‘സഞ്ചാരി’യുടെ സെറ്റില്‍ വെച്ചാണ്. അദ്ദേഹം തന്നോട് വളരെ സൗമ്യമായാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വളരെ ജയനെ സ്നേഹത്തോടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിലല്ല ജയന് എന്നോട് ഇടപെട്ടിരുന്നത്. സൂപ്പര്‍ ഹീറോ ഭാവം അദ്ദേഹത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. മോഹന്‍ലാല്‍ പറഞ്ഞു.
‘സഞ്ചാരി’യില്‍ ഞാനും ജയനും തമ്മില്‍ രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രീകരിച്ചിരുന്നു. ത്യാഗരാജന് മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തില്‍ പലപ്പോഴും ജയന് ഉപദേശിച്ചു. ‘സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടു കൂടി ചെയ്യണം.’ ആ ഉപദേശം ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു. മോഹന്‍ലാല്‍ പറയുന്നു.
അതുപോലെ, ‘സഞ്ചാരി’യുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു സന്ധ്യയില്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നത് ഞാന്‍ ഓര്‍ക്കുന്നു. നസീര്‍ സാറിനും തിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി. മാറി നില്‍ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയന് പറഞ്ഞു: ”പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും.” എന്നായിരുന്നു. അദ്ദേഹത്തിന്റെ ആ വാക്ക് പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്നു തന്നു മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ ജയന് പറഞ്ഞു ‘മോനേ… കാണാം.’ അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയല്‍ വാക്യം.
‘സഞ്ചാരി’യുടെ ഷൂട്ടിങ് കഴിഞ്ഞ് താന്‍ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന് മരിച്ചുവെന്ന വാര്‍ത്തയറിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കേരളമാകെ തകര്‍ന്നുപോയ ഒരു നിമിഷം. ഒരു നടന്റെ വിയോഗത്തില്‍ ആരാധകര്‍ ഇത്രയധികം കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.