“ഞാൻ കഞ്ചാവ് അടിക്കാറില്ല എഴുത്താണ് എന്റെ മേഖല, മൂന്ന് മെഗാ സീരിയലുകൾ അഞ്ഞൂറോളം എപ്പിസോഡുകൾ..” ധർമ്മജൻ ബോൾഗാട്ടി പറയുന്നു
മിമിക്രിയിലൂടെ സിനിമാരംഗത്തും കേരള രാഷ്ട്രീയത്തിലും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. നിയമസഭ ഇലക്ഷന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ധർമ്മജൻ റിസൽട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. കോമഡി താരം എന്നതിനുപരി എഴുത്തുകാരനായാണ് കൂടുതൽ സമയവും ധർമജൻ പ്രവർത്തിച്ചിട്ടുള്ളത്. എന്നാൽ ധർമജൻ ഒരു എഴുത്തുകാരനാണെന്ന് അധികമാർക്കും അറിയില്ല. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ധർമ്മജൻ തന്റെ എഴുത്ത് ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.നാളുകൾക്കു മുമ്പ് അദ്ദേഹം നൽകിയ അഭിമുഖം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. കോമഡികൾ എങ്ങനെ ഇത്ര എളുപ്പത്തിൽ സൃഷ്ടിക്കുന്നു എന്ന അവതാരകയുടെ ചോദ്യത്തിനാണ് ധർമ്മജൻ ബോൾഗാട്ടി വളരെ വ്യക്തമായ മറുപടി നൽകിയത്. “ഒബ്സർവേഷൻ ആണ് തമാശകൾ ഉണ്ടാക്കിയെടുക്കുന്നത്. ഇപ്പോൾ കുറച്ചു കൂടി എല്ലാം പാടാണ്. വാട്സാപ്പിൽ ഒക്കെ വരുന്ന കോമഡികളുടെ അപ്പുറത്തേക്ക് എഴുതാൻ പറ്റുന്നില്ല എന്നതും സത്യമാണ്. അന്ന് കുറേക്കൂടി സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് എഴുത്തായിരുന്നു എന്റെ മേഖല. കോമഡി സ്കിറ്റുകൾക്കും കോമഡി കാസറ്റുകൾക്കും വേണ്ടി എഴുതിയിട്ടുണ്ട്. അതിനുശേഷം അതിനുശേഷം മൂന്ന് മെഗാ സീരിയലുകൾ എഴുതി.
പിന്നീട് ഞാനും പിഷാരടിയും കൂടി അഞ്ഞൂറോളം എപ്പിസോഡുകൾ അഞ്ചുവർഷത്തോളം ചെയ്തു. അതിനുശേഷം വീണ്ടും പ്രോഗ്രാമുകൾ ചെയ്തു. സിനിമാലെയിൽ എട്ടുവർഷത്തോളം അഭിനയിക്കാനും എഴുതാനും കഴിഞ്ഞു. അങ്ങനെ എഴുത്തിന്റെ മേഖലയിൽ കൂടെ കുറെ പോകാൻ സാധിച്ചിട്ടുണ്ട്. എഴുതുമ്പോൾ ഒറ്റയ്ക്കിരുന്ന് എഴുതിയാലെ ക്രിയേറ്റിവിറ്റി വരൂ എന്നൊന്നുമില്ല. ഞാൻ ബഹളങ്ങളുടെ ഇടയിൽ ഇരുന്നുകൊണ്ടാണ് മിക്കപ്പോഴും എഴുതിയിട്ടുള്ളത്. എപ്പോഴും സൗഹൃദങ്ങൾ ഉണ്ടാകും അപ്പോൾ റൂമിലൊക്കെ അഞ്ചാറ് പേരുണ്ടാകും അതിന്റെയൊക്കെ ഇടയിൽ ഇരുന്നാണ് എഴുതാറ്. ഏകാന്തതയും കഞ്ചാവും ഒന്നും നമുക്കില്ല. സാധാരണ ഇതിന് എഴുതുന്നതു പോലെയെ പറ്റുകയുള്ളൂ.ചുറ്റും എത്ര ബഹളം ഉണ്ടെങ്കിലും നമ്മുടെ മനസ്സിൽ ആ സാധനം ഉണ്ടെങ്കിൽ എഴുതാൻ പറ്റും. ആരൊക്കെ ബഹളം ഉണ്ടാക്കിയാലും നമ്മൾ നമ്മളുടെ പണിയെടുക്കും. കാരണം സീരിയൽ ഒക്കെ എഴുതാൻ നേരത്ത് നമ്മൾ എഴുതിയേ പറ്റൂ. രാവിലെ ക്യാമറ വെക്കാൻ നേരത്ത് സീൻ വേണ്ടേ? എന്തായാലും എഴുതിയേ പറ്റൂ. ആ പണി വേറെ ആരും വന്നു എടുക്കില്ല. അതുകൊണ്ട് നമ്മൾ എഴുതി പോകും.