പാപ്പന് ശേഷം ഇക്കാക്കയായി സുരേഷ് ഗോപി! ; ‘മേ ഹൂം മൂസ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു
പാപ്പന് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തും. അതേസമയം, സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് ഇത് എത്തുന്നത്. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലപ്പുറംകാരനായാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടം വരെയുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
ഇന്ത്യയില്‍ പലയിടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം റുബീഷ് റെയ്ന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഹരീഷ് കണാരന്, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാര്‍, സൈജു കുറുപ്പ്, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു നാരായണന് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൂരജ്. കുട്ടനാടന്‍ ബ്ലോഗിലൂടെ സംഗീത സംവിധാന രംഗത്തേക്ക് വന്ന ശ്രീനാഥ് ശിവശങ്കരാണ് മേ ഹൂം മൂസയുടെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അതേസമയം, സുരേഷ് ഗോപിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് പാപ്പന്. മികച്ച പ്രേക്ഷക പ്രതികരണവുമായി ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രത്തില്‍ നൈല ഉഷ, നിത പിള്ള, ഷമ്മി തിലകന്, വിജയ രാഘവന്, സജിത മഠത്തില്‍, ആശ ശരത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോള്‍ തന്നെ പത്ത് കോടി പിന്നിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാപ്പനെ കുടുംബ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. എല്ലാ തിയേറ്ററുകളിലും ഹൗസ് ഫുള്‍ ഷോയുമായാണ് പാപ്പന് മുന്നേറുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.