തങ്കമണിയിലൂടെ ഒരു രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല’: ആ നാട്ടിലെ ജനങ്ങളുടെ വേദനയാണ് പറയുന്നതെന്ന് കലാസംവിധായകൻ മനു ജഗത്ത്
ഒരു സിനിമയുടെ കലാസംവിധാനം എന്നാൽ എത്രത്തോളം പ്രാധാന്യമുള്ള ഘടകമാണെന്ന് സാധാരണ പ്രേക്ഷകർ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈയടുത്തിറങ്ങിയ മലൈക്കോട്ടൈ വാലിബൻ, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം കലാസംവിധാനത്തിന്റെ പേൽക്കൂടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഇപ്പോൾ ആ ഗണത്തിലേക്ക് ഒരു സിനിമ കൂടെ വരികയാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന തങ്കമണി എന്ന പിരിയോഡിക് ഡ്രാമയ്ക്ക് കലാസംവിധാനത്തിൽ ഏറെ പ്രാധാന്യമുണ്ട്. മാർച്ച് ഏഴിന് തിയേറ്റുകളിലെത്തുന്ന ഈ ചിത്രത്തെക്കുറിച്ച് അതിന്റെ കലാസംവിധായകൻ മനു ജഗത്ത് തുറന്ന് സംസാരിക്കുകയാണ്.
തങ്കമണി ഒരു പിരിയോഡിക് ഡ്രാമയാണ്, അതിന്റെ കലാസംവിധാനം ചെയ്യുമ്പോൾ വളരെ സൂക്ഷ്മമായ നിരീക്ഷണം വേണ്ടിവന്നിട്ടുണ്ടാകും. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നോ തങ്കമണി?
തീർച്ചയായിട്ടും. ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ അങ്ങനെയുള്ള പല കാര്യങ്ങളും നമുക്ക് ചേസ് ചെയ്യേണ്ടി വരും. മൊബൈൽ ഇല്ലാതിരുന്ന കാലമാണ്. സിറ്റിയും ടൗണുകളുമെല്ലാം അന്നത്തേതിലും ഒരുപാട് മാറിയിട്ടുണ്ട്. അന്നത്തെ കൺസ്ട്രക്ഷനും ബിൽഡിങ്ങുകളുമൊന്നും ഇപ്പോഴില്ല. തങ്കമണി എന്ന് പറയുന്ന സ്ഥലം ഇപ്പോൾ നോക്കിക്കഴിഞ്ഞാൽ വലിയൊരു ടൗണാണ്, എറണാകുളത്തിന്റെയൊക്കെ ഒരു പാർട് പോലെ. പഴയ തങ്കമണിയെന്നാൽ വളരെ ചുരുക്കം ചില കടകളും ഒരു പള്ളിയും ഒരു കുഞ്ഞു തിയേറ്ററും ഒക്കെയായിട്ട് ഒരു സ്ഥലം. അത് റീക്രിയേറ്റ് ചെയ്യുന്നത് ചലഞ്ചിങ് തന്നെയാണ്.
അങ്ങനെയാണെങ്കിൽ ഈ സിനിമയ്ക്ക് വേണ്ടി പ്രത്യേകമായിട്ട് കുറെ കാര്യങ്ങൾ ചെയ്ത് വന്നിട്ടുണ്ടാകും.ഒരുപാട് മുൻ വർക്കുകൾ കാൽക്കുലേറ്റ് ചെയ്തിട്ടൊന്നുമല്ല ഈ സിനിമയിലേക്ക് വന്നത്. വളരെ പെട്ടെന്ന് ഈ സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. സിനിമ കിട്ടിയതിന് ശേഷം വളരെ പെട്ടെന്ന് എന്തെല്ലാം വേണമെന്ന് നോക്കി പ്ലാൻ ചെയ്യുകയായിരുന്നു. സമയക്കുറവ് നന്നായിട്ടുണ്ടായിരുന്നു. മാത്രമല്ല ഈ സിനിമയിൽ ഒരു ആർട് ഡയറക്ടർക്ക് തുടക്കം മുതൽ ഒടുക്കം വരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഓരോ ദിവസവും ഓരോ പുതിയ സെറ്റിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. പതിനഞ്ച് മാസത്തോളം നീണ്ടുനിന്ന ഷൂട്ടിങ് ആയിരുന്നു തങ്കമണിയുടേത്. പിന്നെ, എന്നെ സംബന്ധിച്ച് ഞാൻ എൺപത് – തൊണ്ണൂറുകളിൽ ജീവിച്ച ആളായത് കൊണ്ട് എനിക്ക് സംഭവം നടക്കുന്ന ആ കാലഘട്ടത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. ആ സമയത്തെ ബിൽഡിങ്ങുകൾ, റോഡുകൾ, ബസ്സുകൾ എന്നിവയെക്കുറിച്ചെല്ലാം ഒരു രൂപരേഖയുണ്ട് മനസിൽ.
മലയാളത്തിലെ മിക്ക ആർട് ഡയറക്ടേഴ്സും ഫേസ് ചെയ്യുന്നൊരു പ്രശ്നമാണ് ആവശ്യമായ സമയം ലഭിക്കാതിരിക്കുന്നത്. മറ്റ് ഭാഷകളിലെല്ലാം ധാരാളം സമയം എടുത്താണ് ഓരോ സിനിമയുടെയും ആർട് വർക്കുകൾ ചെയ്യുന്നത്.
തങ്കമണി എന്ന സിനിമ സ്വീകരിക്കാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?
അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഇന്ന ടൈപ്പ് സിനിമകളേ എടുക്കൂ എന്ന് നിർബന്ധം പിടിക്കാറുമില്ല. വരുന്ന സിനിമകൾ നന്നായിട്ട് ചെയ്യുക എന്നേയുള്ളൂ. എന്നെ ഈ സിനിമയിലേക്ക് നിർദേശിക്കുന്നത് ഛായാഗ്രഹകൻ മനോജ് പിള്ളയാണ്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ട്. പിന്നെ സംവിധായകൻ രതീഷ് രഘുനന്ദനോട് സംസാരിച്ചു. തന്റെ സിനിമയെക്കുറിച്ച് വളരെ വ്യക്തതയുള്ള ആളാണ് രതീഷ്. യാതൊരു കൺഫ്യൂഷൻസും ഇല്ല. തനിക്ക് എന്താണ് വേണ്ടതെന്ന് രതീഷിന് കൃത്യമായി പറയാൻ കഴിയും.
തങ്കമണി ചെയ്യുന്ന സമയത്ത് ഒരു ഷോട്ടിന് വേണ്ടി മാത്രം ഒരു സെറ്റ് ക്രിയേറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. പ്രീ പ്രൊഡക്ഷനിൽ ഒരുപാട് ലൊക്കേഷനുകൾ നോക്കിയിട്ട് കിട്ടാതെ വന്നപ്പോഴാണ് ഒടുവിൽ സെറ്റിടേണ്ടി വന്നത്. സീനിന്റെ ഇംപാക്റ്റ് മാത്രം നോക്കിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്. സിനിമയുടെ കോസ്റ്റ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാ സിനിമകളും വിചാരിച്ച പോലെ ചെയ്യാൻ കഴിയില്ല. അതിനോട് ചേർന്ന് നിൽക്കുന്ന ഒരു പ്രൊഡക്ഷനും വേണം. അങ്ങനെയൊരു സിനിമയാണ് തങ്കമണി. എനിക്ക് കുറച്ച് കൂടെ നന്നായി ചെയ്യാൻ പറ്റി.
മലയാളത്തിൽ ഒരുപാട് കഴിവുള്ള കലാസംവിധായകരുണ്ട്. മലയാളത്തിൽ ഈയടുത്ത് ഇറങ്ങിയ സിനിമകൾ നോക്കൂ, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും ഇത് രണ്ടും പിരിയോഡിക് സിനിമകളാണ്. ഞാൻ ചെയ്ത മിന്നൽ മുരളി ആണെങ്കിലും അങ്ങനെയാണ്. ഇതെല്ലാം കലാസംവിധാനത്തിന് ഒരുപാട് പ്രാധാന്യമുളള സിനിമകളാണ്. ഇതിലെല്ലാം കലാസംവിധാനത്തിന് ഒരുപാട് പ്രാധാന്യമുണ്ട്, അതുകൊണ്ട് തന്നെ ആ സിനിമകൾ നന്നായി ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. ഇതിലെല്ലാം ബഡ്ജറ്റ് ഒരു വലിയ സംഭവമാണ്. കഥയ്ക്ക് അനുസരിച്ചുള്ള ബഡ്ജറ്റ് അനുവദിക്കുകയാണെങ്കിൽ മലയാളത്തിൽ ഒരുപാട് കഴിവുള്ള ആർട് ഡയറക്ടർമാരുണ്ട്.
ഒരു യത്ഥാർത്ഥ സംഭവമാണ് തങ്കമണി എന്ന സിനിമ, അതിലുപരി കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവവും വളരെ സൂക്ഷ്മമായി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടാകില്ലേ? സംവിധായകന് ഉള്ള അതേ പിരിമുറുക്കം കലാസംവിധായകനെയും ബാധിച്ച് കാണില്ലേ?
ഈ സിനിമയിൽ വർക്ക് ചെയ്ത ഓരോരുത്തരെയും അത് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. പക്ഷേ നമ്മൾ സിനിമയിലൂടെ ഒരു രാഷ്ട്രീയവും പറയുന്നില്ല. ഒരു നാട്ടിലെ ജനം അനുഭവിക്കേണ്ടി വന്ന, ഇപ്പോഴും അനുഭവിക്കുന്ന അവരുടെ വേദനകളെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്. അതിൽ തീർച്ചയായും രാഷ്ട്രീയം വരും. പക്ഷേ ഇന്ന പാർട്ടിയെക്കുറിച്ചോ മറ്റോ അല്ല പറയുന്നത്. അവരാൽ ഇവിടെ എന്തുണ്ടായി എന്നാണ് പറയുന്നത്. സാധാരണ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച ഒരു സിനിമയാണിത്. അല്ലാതെ പൊലീസുകാർ രാഷ്ട്രീയക്കാർ തുടങ്ങി ആരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല.
ഈ മേഖലയിലേക്ക് കടന്ന് വരാൻ ഏതെങ്കിലും വ്യക്തികളോ സംഭവമോ ഇൻസ്പിരേഷൻ ആയിട്ടുണ്ടോ?
അടിസ്ഥാനപരമായി കലയോട് താൽപര്യമുള്ള ആളാണ് ഞാൻ. ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു. മദ്രാസിൽ ഫൈൻ ആർട്സ് വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ കലാസംവിധായകരോടൊപ്പം പ്രവർത്തിച്ചതിന് ശേഷമാണ് ഞാൻ ഇൻഡിപെൻഡന്റ് ആർട് ഡയറക്ടർ ആകുന്നത്.
സാബു സിറിലിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞില്ലേ, അതുപോലെ ഇന്ത്യൻ സിനിമയിൽ താങ്കളെ ഏറ്റവുമധികം സ്വാദീനിച്ച ആർട് ഡയറക്ടർ ആരാണ്?
ഞാൻ ഭാഗ്യവാനാണ്. ഇന്ത്യയിൽ അല്ല ലോകത്തിൽ തന്നെ മികച്ച കലാസംവിധായകരിലൊരാളായ സാബു സിറിലിനൊപ്പം പത്ത് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. എനിക്ക് കലാസംവിധാനത്തിൽ ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യാൻ പറ്റിയത് പ്രിയദർശൻ സർ, സന്തോഷ് ശിവൻ, എസ് കുമാർ സാറിന്റെ സിനിമകളിലൊക്കെയാണ്. എല്ലാവർക്കും ഇങ്ങനെയുള്ള ഭാഗ്യങ്ങൾ കിട്ടിയെന്ന് വരില്ല.
ദിലീപിനൊപ്പമുളള അഞ്ചാമത്തെ പടമാണ്. ഇത് ജോലിയിൽ ഗുണം ചെയ്തിട്ടുണ്ടാകില്ലേ?
തീർച്ചയായും. നടൻമാർ പലവിധമാണ്. ചിലർ വളരെ കംഫോർട്ടബിൾ ആകും, ചിലരോട് അടുക്കാൻ കഴിയില്ല. ദിലീപിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരുപാട് വർഷം പരിചയമുള്ളൊരാളുടെ കൂടെ നിൽക്കുന്ന ഫീൽ ആയിരുന്നു. പുള്ളി നമ്മളെ അപ്രോച്ച് ചെയ്യുന്ന രീതിയും അങ്ങനെയാണ്. താൻ വലിയ ആർട്ടിസ്റ്റ് ആണെന്ന രീതിയിൽ അദ്ദേഹം പെരുമാറാറില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണം ഉണ്ടാകാറുണ്ട്, എൻകറേജ് ചെയ്യും പലപ്പോഴും. അത് നമ്മളെപ്പോലുള്ള കലാകാരൻമാർക്ക് പ്രചോദനമാണ്. എന്റെ ഒരു മൂത്ത സഹോദരൻ എന്ന രീതിയിലാണ് ഞാൻ ദിലീപിനെ കാണുന്നത്.
ആദ്യത്തെ വർക്ക് ഏതായിരുന്നു?
2006ൽ മാന്നാർ മത്തായി സ്പീക്കിങ്ങ് എന്ന സിനിമയുടെ ഹിന്ദി റീമേക്കിങ്ങിലൂടെയാണ് സാബു സിറിലിന്റെ അസിസ്റ്റന്റ് ആയി ആദ്യമായി കലാസംവിധായകന്റെ കുപ്പായമെടുത്തിടുന്നത്. അതേ വർഷം തന്നെ അനിയത്തിപ്രാവിന്റെ ഹിന്ദി റീമേക്കും ചെയ്തു.
വർഷങ്ങളായി മലയാള സിനിമയിൽ കലാ സംവിധാനരംഗത്ത് പ്രവർത്തിക്കുന്ന മനു ജഗത്തിന്റെ ആദ്യത്തെ സ്വതന്ത്ര സിനിമ വിനോദയാത്ര ആയിരുന്നു. രണ്ടാമത്തെ സിനിമയായ കൽക്കട്ട ന്യൂസിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. മലയാള സിനിമയിലെ പരീക്ഷണ ചിത്രമായ മിന്നൽ മുരളിയുടെ കലാസംവിധാനവും മനു ജഗത്ത് ആണ് ചെയ്തത്. ഇപ്പോൾ ഇറങ്ങാൻ പോകുന്ന തങ്കമണിയിൽ നടൻ ദിലീപ് ആണ് നായകൻ. ദിലീപിനൊപ്പമുള്ള മനു ജഗത്തിന്റെ അഞ്ചാമത്തെ പടമാണിത്.