74 ദിവസം തിയേറ്ററിൽ, ആദ്യ 200 കോടി ചിത്രം; മഞ്ഞുമ്മൽ ബോയ്സ് അഞ്ച് ഭാഷകളിൽ ഇന്ന് തിയേറ്ററുകളിലെത്തും
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഇന്ന് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തുടർന്ന് നീണ്ട 74 ദിവസത്തെ പ്രദർശനത്തിന് ശേഷം ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയിൽ ചിത്രം കാണാനാവും. മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പ് മാത്രമാണ് തിയറ്ററുകളിൽ എത്തിയിരുന്നത്. ജാൻ എ മൻ എന്ന സൂപ്പർഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്.
ഒരു അഭിമുഖത്തിൽ ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് ചിത്രത്തിൻറെ സംഗീത സംവിധായകൻ കൂടിയായ സുഷിൻ ശ്യാം പറഞ്ഞത് വൻ പബ്ലിസിറ്റി നൽകുകയും ചെയ്തു. എന്നാൽ ചിത്രം ഏത് ഗണത്തിൽ പെടുന്ന ചിത്രമാണെന്ന് പ്രേക്ഷകർക്ക് അറിവുണ്ടായിരുന്നില്ല. റിലീസിന് മുൻപായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സർവൈവൽ ത്രില്ലർ ആണെന്നും യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകർ അറിയുന്നത്. പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു.
റിലീസിന് ഒരു ദിവസം മുൻപ് മാത്രമാണ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതെങ്കിലും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടിയത്. ആദ്യദിനം തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടിയതോടെ ചിത്രം തിയറ്ററുകളിലെ കുതിപ്പ് തുടങ്ങി. തമിഴ്നാട്ടിലും മലയാള സിനിമയുടെ സീൻ മാറ്റി ഈ ചിത്രം. 50 കോടിക്ക് മുകളിൽ തമിഴ്നാട്ടിൽ നിന്ന് മാത്രം നേടാനായി മഞ്ഞുമ്മൽ ബോയ്സിന്. ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ കയറിയ ഏക മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.