ഗുണ കേവിനേക്കാൾ ആഴമുള്ള സൗഹൃദങ്ങളുടെ കഥ! അവിസ്മരണീയ സിനിമാനുഭവം സമ്മാനിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’, റിവ്യൂ വായിക്കാം
1 min read

ഗുണ കേവിനേക്കാൾ ആഴമുള്ള സൗഹൃദങ്ങളുടെ കഥ! അവിസ്മരണീയ സിനിമാനുഭവം സമ്മാനിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’, റിവ്യൂ വായിക്കാം

ആഴങ്ങളെ പേടിയുണ്ടോ… അഗാധ ഗർത്തങ്ങളെ ഭയമുണ്ടോ… ഉറക്കത്തിൽ അഗാധമായ ആഴങ്ങളിലേക്ക് വീണുപോകുന്ന സ്വപ്നങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ഉയരമുള്ളൊരു മലയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കാൽവിരലുകളിലൂടെ തലയിലേക്ക് കയറിവരുന്നൊരു തരിപ്പും മരവിപ്പും അനുഭവിച്ചിട്ടുണ്ടോ… ‘മഞ്ഞുമ്മൽ ബോയ്സ്’ തീർച്ചയായും അത്തരമൊരു അനുഭവം സമ്മാനിക്കും എന്ന് തീർച്ചയാണ്. 600 അടിയിലേറെ ആഴമുള്ള ഗുണ കേവിനേക്കാള്‍ ആഴമുള്ള സൗഹൃദങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

ഒരിക്കലെങ്കിലും കൂട്ടുകാരുമൊത്ത് ടൂർ പോകാത്തവരുണ്ടാകില്ല. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് കുറച്ചുദിവസം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച് അർമാദിച്ച് ചിലവഴിക്കാനുള്ള അവസരം ആരും പാഴക്കില്ലല്ലോ. അത്തരമൊരു ട്രിപ്പ് ഒരിക്കലും മറക്കാൻ കഴിയാത്തൊരു യാത്രയായി മാറിയ ഏതാനും കൂട്ടുകാരുടെ കഥയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്.

 

1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ‘ഗുണ’യിലെ ഏറെ ജനപ്രിയമായ ‘കൺമണി അൻപോട് കാതലൻ…’ എന്ന ഗാനത്തോടെയാണ് സിനിമയുടെ തുടക്കം. അവിടം മുതൽ ഗുണ കേവുമായുള്ള സിനിമയുടെ ബന്ധം തുടങ്ങുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ ദർശന ക്ലബ്ബിലെ അംഗങ്ങളായ സുഹൃത്തുക്കള്‍ ചേർന്ന് കൊടൈക്കനാലിലേക്ക് തങ്ങളുടെ സുഹൃത്തിന്‍റെ ടൊയോട്ട ക്വാളിസിൽ ഒരു ട്രിപ്പ് പോകുകയാണ്. അവിടെ വെച്ച് അവർ ആകസ്മികമായി ഗുണ കേവിലേക്ക് എത്തിപ്പെടുന്നതും ഉദ്വേഗജനകമായ തുടർ സംഭവങ്ങളുമാണ് ചിത്രം.

2006-ൽ എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് വിനോദ സഞ്ചാര യാത്രയ്ക്ക് പോയ ഏതാനും കൂട്ടുകാരുടെ യഥാർത്ഥ ജീവിതകഥയാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. ഓരോ നിമിഷവും ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ടുപോകുന്ന സിനിമാനുഭവമാണ് ചിത്രം നൽകുന്നത്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ഒന്നാന്തരം സർവൈവൽ ത്രില്ലറാണ് ചിത്രം.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി നിരവധി താരങ്ങളുണ്ട് ചിത്രത്തിൽ. എല്ലാവരും അഭിനയിക്കുകയല്ല ജീവിച്ചിരിക്കുകയാണ് ചിത്രത്തിൽ. ശരിക്കും മഞ്ഞുമ്മലിൽ നിന്ന് ക്വാളിസിൽ ടൂർ പോയ ഇവരോടൊപ്പം പ്രേക്ഷകരും സഞ്ചരിക്കും വിധമാണ് സിനിമയൊരുക്കിയിട്ടുള്ളത്.

 

സൂപ്പർഹിറ്റായി മാറിയ ജാൻഇമൻ സിനിമയ്ക്ക് ശേഷം ചിദംബരം ഒരുക്കിയിട്ടുള്ള ചിത്രമാണിത്. ഏറെ കൈയ്യടക്കത്തോടെ തന്‍റെ രണ്ടാം ചിത്രവും ചിദംബരം ഒരുക്കിയിട്ടുണ്ട്. ഷൈജു ഖാലിദിന്‍റെ മനോഹരമായ ദൃശ്യങ്ങളും വിവേക് ഹർഷന്‍റെ കൃത്യതയാർന്ന എഡിറ്റിംഗും സുഷിൻ ശ്യാം ഒരുക്കിയിട്ടുള്ള പാട്ടുകളും പശ്ചാത്തലസംഗീതവും അജയൻ ചാലിശ്ശേരിയുടെ ആർട്ട് വർക്കുമെല്ലാം സിനിമയെ വേറിട്ടൊരു കാഴ്ചാനുഭവമാക്കിയിരിക്കുകയാണ്. തീർച്ചയായും ഈ ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രേക്ഷക മനസ്സുകളുടെ ആഴങ്ങളിലേക്കൊരു സൗഹൃദാഘോഷ യാത്ര തുടങ്ങികഴിഞ്ഞു എന്ന് നിസ്സംശയം പറയാം.