31 വർഷങ്ങൾക്ക് ശേഷം വീണ്ടും വരുന്നു…!!! മണിച്ചിത്രത്താഴ് റീ റിലീസ് തീയതി പ്രഖ്യാപിച്ച് ശോഭന
സിനിമാ മേഖലയെ സംബന്ധിച്ച് റീ റിലീസ് എന്നത് ഇന്ന് ഒരു ആശ്ചര്യം അല്ലാതെയായിരിക്കുന്നു. സമീപകാലത്ത് തമിഴ് സിനിമയില്‍ നിന്നാണ് ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിച്ചിരിക്കുന്നത്. മലയാളത്തിലെ എടുത്തു പറയാവുന്ന ഒരു റീ റിലീസ് സ്ഫടികത്തിന്‍റേത് ആയിരുന്നു. ചിത്രം നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് രണ്ട് ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസിന് ഒരുങ്ങുന്നത്. അത് രണ്ടും മോഹന്‍ലാല്‍ നായകനാവുന്ന ചിത്രങ്ങളാണ് എന്നതാണ് ശ്രദ്ധേയം. സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതനും ഫാസിലിന്‍റെ മണിച്ചിത്രത്താഴുമാണ് ആ ചിത്രങ്ങള്‍.
ഇതില്‍ ദേവദൂതന്‍റെ റീ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 26 ആണ് ചിത്രത്തിന്‍റെ റീ റിലീസ് തീയതി. മണിച്ചിത്രത്താഴിന്‍റെ റീ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ലെങ്കിലും ചിങ്ങം 1 ആയ ഓഗസ്റ്റ് 17 ന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ റീ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശോഭനയാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിനൊപ്പം റീ റിലീസ് തീയതിയും അറിയിച്ചിരിക്കുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതുപോലെ ഓഗസ്റ്റ് 17 ന് ചിത്രം എത്തും.
മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ഇതുപോലെയൊന്ന് വേറെയില്ലെന്ന് ഉറപ്പിച്ച് പറയാനാവുന്ന ചിത്രത്തിന്‍റെ റിലീസ് 1993 ല്‍ ആയിരുന്നു. സൈക്കോളജിക്കല്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് മധു മുട്ടം ആയിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്‍റ്, കെപിഎസി ലളിത, തിലകന്‍, കുതിരവട്ടം പപ്പു തുടങ്ങി പ്രഗത്ഭരുടെ വലിയ നിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതിയ തലമുറയ്ക്ക് ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.