”എന്റെ കമ്പനിയാണെങ്കിലും എനിക്ക് പ്രതിഫലം വാങ്ങണം, അതിന് ഞാൻ ടാക്‌സും കൊടുക്കണം”: മമ്മൂട്ടിക്കമ്പനിയെക്കുറിച്ച് തുറന്ന് പറഞ്ഞ് താരം
1 min read

”എന്റെ കമ്പനിയാണെങ്കിലും എനിക്ക് പ്രതിഫലം വാങ്ങണം, അതിന് ഞാൻ ടാക്‌സും കൊടുക്കണം”: മമ്മൂട്ടിക്കമ്പനിയെക്കുറിച്ച് തുറന്ന് പറഞ്ഞ് താരം

ൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയാണ് മമ്മൂട്ടിക്കമ്പനിയുടെ ആദ്യ ചിത്രം. അത് മുതൽ ‘ടർബോ’ വരെയുള്ള മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലാണ് ഒരുക്കിയത്. ഇപ്പോൾ സ്വന്തം നിർമ്മാണ കമ്പനിയിൽ നിന്നും മമ്മൂട്ടിക്ക് എന്താണ് ലാഭം ലഭിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടൻ. ‘ടർബോ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

”മമ്മൂട്ടി കമ്പനിക്ക് പ്രതിഫലം തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് പ്രതിഫലം വാങ്ങണം. അതിന് ഞാൻ ടാക്‌സും കൊടുക്കണം. എത്രത്തോളം കുറച്ച് വാങ്ങിയാലും ചോദ്യം വരും സ്വന്തം കമ്പനിക്കല്ലെ എന്ന്, പക്ഷെ ഒരു പരിധിക്കപ്പുറത്തേക്ക് നമുക്ക് കുറയ്ക്കാനും കഴിയില്ല. അതുകൊണ്ട് എന്റെ പേരിൽ ശമ്പളം എഴുതിയെടുത്തേ പറ്റു. പിന്നെ നഷ്ടം വന്നാൽ നമുക്ക് തരാനുള്ള കാശ് നഷ്ടമാകും”- എന്നാണ് മമ്മൂട്ടി പറയുന്നത്.

ഈ വിഷയത്തിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസും സംസാരിക്കുന്നുണ്ട്. ”മമ്മൂട്ടി എന്ന നായക നടനും മമ്മൂട്ടി എന്ന നിർമ്മാതാവും തമ്മിൽ തർക്കിക്കും. 40 വർഷത്തെ അഭിനയ പരിചയമുള്ള മമ്മൂട്ടിയേ വച്ചുനോക്കുമ്പോൾ മമ്മൂട്ടി എന്ന നിർമ്മാതാവ് പുതിയതാണ്. അപ്പോൾ നടൻ നിർമ്മാതാവിനെ പറ്റിക്കും. അവസാനം വിചാരിച്ചതൊക്കെ ഷൂട്ട് ചെയ്യും. നിർമ്മാതാവ് വെട്ടിക്കുറയ്ക്കാനൊക്കെ പറയും. പക്ഷെ ഫ്രെയ്മിനെ പറ്റി നടൻ ആലോചിക്കുമല്ലോ, അപ്പോൾ നിർമ്മാതാവിനെ നടൻ കൺവിൻസ് ചെയ്യും”- എന്നാണ് മിഥുൻ മാനുവൽ പറയുന്നത്. ടർബോ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ ആണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് ആണ് റിലീസ് ചെയ്യുന്നത്.