മമ്മൂട്ടിയുടെ ബുൾബുൾ ഇനി ആഡംബര ഹോട്ടലിന്റെ ചുമരിൽ; ഫോട്ടോ ലേലത്തിൽ വിറ്റത് മൂന്ന് ലക്ഷത്തിന്
നടൻ മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തിയ പക്ഷിയുടെ ചിത്രത്തിന് ലേലത്തിൽ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഇലത്തുമ്പിൽ വിശ്രമിക്കുന്ന ബുൾബുളിന്റെ ചിത്രമാണ് ലേലത്തിൽ വിറ്റത്. ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആയിരുന്നു ചിത്രം ലേലത്തിൽ വെച്ചത്. മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയ ചിത്രമാണ് ലേലത്തിനായി ഉണ്ടായിരുന്നത്.
പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് കൊച്ചി ദർബാർ ഹാളിൽ നടത്തിയ ഫോട്ടോ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ബുൾബുളിന്റെ ഫോട്ടോയും ലേലത്തിനായി വച്ചത്.
മമ്മൂട്ടിയുൾപ്പെടെ 23 ഫോട്ടോഗ്രാഫർമാരുട ആകെ 61 ചിത്രങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയിട്ട മമ്മൂട്ടിയുടെ ചിത്രം മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കൽ സ്വദേശിയായ അച്ചു ഉള്ളാട്ടിലാണ് സ്വന്തമാക്കിയത്. ലേലത്തിൽ കിട്ടുന്ന തുക ഇന്ദുചൂഡൻ ഫൗണ്ടേഷന് കൈമാറുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതുതായി നിർമ്മിക്കുന്ന ആഡംബര ഹോട്ടിലിന്റെ ചുമരിൽ ഈ ചിത്രം പ്രദർശിപ്പിക്കും.