വിചാരിച്ചതിലും നേരത്തെ മമ്മൂട്ടിയുടെ ടർബോ; റിലീസ് നേരത്തെയാക്കുന്നതിന് പിന്നിലൊരു ലക്ഷ്യമുണ്ട്!!
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു മഹാവർഷമാണ്. നൂറുകോടി കളക്ഷനൊന്നും ഒരു പുതുമയല്ലാതായി മാറി. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നാല് നൂറുകോടി ഹിറ്റുകളാണ് മലയാളത്തിൽ സംഭവിച്ചത്. ഇതിന് പുറമേ അണിയറയിൽ ഒരുങ്ങുന്നതും വൻ ചിത്രങ്ങളാണ്. അതിൽ പ്രധാനപ്പെട്ട ചിത്രമാണ് ടർബോ. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ് എന്നത് വലിയ ഹൈലൈറ്റ് ആണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മെയ് 23നാണ് ചിത്രം റിലീസ് ചെയ്യനിരിക്കുന്നത്. നേരത്തെ ചിത്രത്തിൻറെ റിലീസ് ദിനമായി പ്രഖ്യാപിച്ചിരുന്നത് ജൂൺ 13 ആയിരുന്നു. എന്നാൽ ഇത് പിന്നീട് ഇരുപത് ദിവസം മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
ഈ ഡേറ്റ് തിരഞ്ഞെടുത്തതിന് ടർബോ അണിയറക്കാർക്ക് വ്യക്തമായ കാരണമുണ്ടെന്നാണ് സിനിമ ട്രാക്കർമാർ അടക്കം പറയുന്നത്. മെയ് അവസാനം ചിത്രത്തിന് ഫ്രീ റൺ ലഭിക്കും. കാരണം വലിയ റിലീസുകൾ ഒന്നും ഈ അവസരത്തിൽ ഇല്ല എന്നത് ടർബോയ്ക്ക് അനുകൂല ഘടകമാണ്. നേരത്തെ പ്രഖ്യാപിച്ച ഡേറ്റ് ആണെങ്കിൽ തമിഴിൽ അടക്കം പാൻ ഇന്ത്യൻ ചിത്രങ്ങളാണ് എത്തുന്നത്. ഇന്ത്യൻ 2, പ്രഭാസിൻറെ കൽകി തുടങ്ങിയ ചിത്രങ്ങൾ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂൺ മാസത്തിലാണ്. അതിനാൽ അത്തരം ക്ലാഷുകൾ ഇല്ലാതെ ഫ്രീ റൺ ലഭിക്കുക എന്നതാണ് ടർബോ ഉദ്ദേശിക്കുന്നത്.
പടം നല്ലതാണെങ്കിൽ പ്രേക്ഷകർ കൂട്ടത്തോടെ തീയറ്ററിൽ എത്തുന്ന സവിശേഷമായ ഒരു അവസ്ഥയിലാണ് ഇപ്പോൾ മലയാള സിനിമ ലോകം എന്നതാണ് സമീപകാല അനുഭവം. ഒപ്പം തന്നെ തമിഴ്നാട്ടിലും മറ്റ് ഇന്ത്യൻ ടൗണുകളിലും. വിദേശത്തും മലയാള സിനിമയ്ക്ക് ആരാധകരുണ്ട്. വൻ പടങ്ങളുമായി ക്ലാഷ് റിലീസ് ചെയ്താൻ ഇത്തരം വിപണികളിൽ റിലീസ് സെൻററുകൾ ലഭിക്കാതിരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ടർബോ റിലീസ് നേരത്തെയാക്കിയത് എന്നും സൂചനയുണ്ട്.
ഇതിനൊപ്പം തന്നെ മലയാളത്തിൽ വൻ വിജയമായ ആടുജീവിതം ആദ്യം റിലീസ് പ്രഖ്യാപിച്ചത് ഏപ്രിൽ ആണെങ്കിലും പിന്നീട് റിലീസ് മാർച്ചിലേക്ക് മാറ്റിയിരുന്നു. ഇത് ചിത്രത്തിന് നേട്ടവുമായി. അതേ രീതിയിൽ ഒരു പ്രതീക്ഷ ടർബോയ്ക്കും ഉണ്ടെന്ന് കരുതാം. അതേസമയം, ടർബോയുടെ ഡബ്ബിംഗ് വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 24ന് മമ്മൂട്ടി ഡബ്ബിങ്ങിന് എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആക്ഷൻ- കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. അച്ചായൻ ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് ടർബോയ്ക്ക് സംഗീതം ഒരുക്കുന്നത്. എന്തായാലും ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ആക്ഷൻ മോഡിൽ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.