‘തീര്‍ച്ചയായും അടുത്ത വര്‍ഷം നമ്മള് അബുദാബിയില്‍ ഒരു പടം ഷൂട്ട് ചെയ്യും. ഇന്ഷാ അള്ളാ…’; മമ്മൂട്ടി
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവും കൊണ്ട് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് ചിത്രം കടന്നപ്പോള്‍ ചരിത്ര വിജയം നേടി റോഷാക്ക് 25കോടി ക്ലബ്ബില്‍ ഇടംനേടിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ അവസരത്തില്‍ കഴിഞ്ഞ ദിവസം റോഷാക്കിന്റെ വിജയം മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും അബുദാബിയില്‍ ആഘോഷിക്കുകയുണ്ടായി. അബുദാബി ഡാല്‍മ മാളില്‍ വച്ചാണ് റോഷാക്കിന്റെ വിജയാഘോഷം നടന്നത്. മാസ് ലുക്കില്‍ എത്തിയ മമ്മൂട്ടിയെ കാണാനായി ആയിരക്കണക്കിന് ആളുകളാണ് മാളില്‍ എത്തിച്ചേര്‍ന്നത്. ഗ്രേസ് ആന്റണി, ജോര്‍ജ്, ഷറഫുദ്ദീന് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ആഘോഷത്തിനിടെ മമ്മൂട്ടി സംസാരിച്ച വാക്കുകളാണ് സോഷ്യല്‍ മീഡികളില്‍ വൈറലാവുന്നത്. തീര്‍ച്ചയായും അടുത്ത വര്‍ഷം നമ്മള് അബുദാബിയില്‍ ഒരു പടം ഷൂട്ട് ചെയ്യുമെന്നും ആ പടത്തെ നിങ്ങള്‍ അബുദാബിയെന്ന് പേരിട്ട് വിളിച്ചോളൂവെന്നും മമ്മൂട്ടി പറയുന്നു. ‘അബുദാബി മലയാളികളുടെ ഒരു വലിയ സ്വപ്നഭൂമിയാണ്. പല സ്വപ്നങ്ങളും പൂര്ത്തികരിച്ചിട്ടുള്ളതും അബുദാബിയാണ്. നമ്മുടെ നാട്ടില്‍ അബുദാബിക്കാരന് പുതിയാപ്ലക്ക് വലിയ മാര്‍ക്കറ്റായിരുന്നു ഞാനൊക്കെ കല്യാണം കഴിക്കുന്ന കാലത്ത്. ഞാനൊക്കെ കല്യാണം കഴിക്കാന്‍ വേണ്ടി അബുദാബിക്ക് പോകാമെന്ന് വരെ വിചാരിച്ചതായിരുന്നുവെന്നും അബുദാബിക്ക് പോകാതെ തന്നെ എനിക്ക് കല്യാണം കഴിക്കാന്‍ പറ്റിയെന്നും’ മമ്മൂട്ടി പറയുന്നു.
അബുദാബിയില്‍ ഷൂട്ട് ചെയ്ത മുഴുനീളസിനിമ നമുക്ക് അടുത്ത് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മമ്മൂട്ടി നല്കിയ മറുപടി ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന കഥയുമായി മാത്രമേ നമുക്ക് ഒരു സിനിമ മലയാളത്തില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ സമൂഹത്തിന്റെ ഇവിടത്തെ ആളുകളുടെ ഒരു കഥ നമുക്ക് കിട്ടിയാല്‍ ഒരു സിനിമ തീര്‍ച്ചയായും ചെയ്യാം. ദുബായി എന്ന സിനിമ എടുത്ത് എന്നോട് തന്നെ ഇത് ചോദിക്കണമെന്നും മമ്മൂട്ടി പറയുന്നു. അബുദാബിയില്‍ ഷൂട്ട് ചെയ്യുന്ന സിനിമകള്‍ക്ക് ഇവിടത്തെ ഗവണ്മെന്്റ് ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് കേള്‍ക്കുന്നു. അത് നമുക്ക് ഉപയോഗിക്കാം. തീര്‍ച്ചയായിട്ടും അടുത്തവര്‍ഷം ഇന്ഷാ അള്ളാ നമ്മളിവിടെ ഒരു സിനിമ ഷൂട്ട് ചെയ്യും എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ലൂക്ക് ആന്റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. മമ്മൂട്ടി കമ്പനിയാണ് റോഷാക്കിന്റെ നിര്‍മ്മാണം.